ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല, മതനിരപേക്ഷ റിപ്പബ്ലിക്കാണ് എന്ന കാര്യം കോൺഗ്രസ് മറന്നു പോകുന്നുവെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ എഎ റഹീം. ഇസ്ലാമോഫോബിയയ്ക്ക് കോണ്‍ഗ്രസ് വിധേയമായി കഴിഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു. മത ന്യൂനപക്ഷങ്ങളും ദളിതരും രാജ്യത്ത് ആക്രമിക്കപ്പെടുകയാണെന്നും തീവ്ര ഹിന്ദുത്വ വർഗ്ഗീയ പരീക്ഷണശാലയായി രാജ്യം മാറിയിരിക്കുന്ന ഈ അപകടകരമായ സാഹചര്യത്തിലും വ്യാജഹിന്ദുക്കളെ മാറ്റി, യഥാർത്ഥ ഹിന്ദുക്കൾ അധികാരത്തിൽ വരണമെന്നാണ് കോൺഗ്രസ് ആഹ്വാനം ചെയ്യുന്നതെന്നും എ എ റഹീം തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ ആരോപിച്ചു.
‘വ്യാജ ഹിന്ദുക്കളും”ഒറിജിനൽ ഹിന്ദുക്കളും’ തമ്മിലുള്ള ഏറ്റുമുട്ടലല്ല,മതനിരപേക്ഷ ഇന്ത്യയും ഹിന്ദുത്വ വർഗീയതയും തമ്മിലുള്ള സമരമാണ് രാജ്യം ആവശ്യപ്പെടുന്നത്. യഥാർത്ഥ ഹിന്ദുക്കൾ ഭരണത്തിൽ വരണം’ എന്ന് കോൺഗ്രസ്സ് പറയുമ്പോൾ,ലളിതമായ ഒരു സംശയം, മുസ്ലിങ്ങളും, ക്രിസ്ത്യാനികളും, പാഴ്സിയും, സിഖുകാരുമെല്ലാം? എല്ലാവരുടേതുമാണ് ഇന്ത്യ. ഗാന്ധിയും നെഹ്രുവും ധീരദേശാഭിമാനികളും സ്വപ്നം കണ്ട, ഭരണഘടന ഉറപ്പ് നൽകുന്ന ബഹുസ്വരതയുടെ ഇന്ത്യ. നെഹ്രുവും ഗാന്ധിയും വിഭാവനം ചെയ്ത മതനിരപേക്ഷ ഇന്ത്യയല്ല രാഹുലിന്റെ കോൺഗ്രസ്സ് മുന്നോട്ട് വയ്ക്കുന്നത്’, എ എ റഹീം ചൂണ്ടിക്കാട്ടി.
എ എ റഹീമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
ഇന്ത്യ, ഹിന്ദു രഷ്ട്രമല്ല, മതനിരപേക്ഷ റിപ്പബ്ലിക്കാണ്. കോൺഗ്രസ്സ് മറന്നുപോയ ലളിത പാഠമാണിത്. രാജ്യം അപകടകരമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നു.മതനിരപേക്ഷത ഭീഷണി നേരിടുന്നു. ഭരണഘടനാ മൂല്യങ്ങളും,ബഹുസ്വരതയും രാജ്യത്തിന് നഷ്ടമാകുന്നു. ഇതെഴുതുന്നതിന് മുൻപ് വായിച്ച വാർത്തകളിൽ ഒന്ന് കഴിഞ്ഞ ദിവസങ്ങളിൽ കർണാടകയിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് നേരെ നടന്ന അക്രമങ്ങളെ കുറിച്ചാണ്.തകർക്കപ്പെട്ട ആരാധനാലയങ്ങളുടെ,ചുട്ടെരിക്കപ്പെട്ട മതഗ്രന്ഥങ്ങളെ കുറിച്ചുള്ളതായിരുന്നു വാർത്ത. ഹരിയാനയിൽ നിന്നും ഇന്നലെ പുറത്തു വന്ന വാർത്ത,കാലങ്ങളായി നടന്നുവന്ന പൊതുസ്ഥലങ്ങളിലെ വെള്ളിയാഴ്ച്ച നമസ്കാരം നിരോധിച്ചത് സംബന്ധിച്ചാണ്. അനുദിനം, മത ന്യൂനപക്ഷങ്ങളും ദളിതരും രാജ്യത്ത് ആക്രമിക്കപ്പെടുന്നു. തീവ്ര ഹിന്ദുത്വ വർഗ്ഗീയ പരീക്ഷണശാലയായി രാജ്യം മാറിയിരിക്കുന്നു.അപകടകരമായ വർത്തമാന കാലത്ത് കോൺഗ്രസ്സ് ആഹ്വാനം ചെയ്യുന്നത്, വ്യാജഹിന്ദുക്കളെ മാറ്റി,യഥാർത്ഥ ഹിന്ദുക്കൾ അധികാരത്തിൽ വരണമെന്നാണ്.
‘വ്യാജഹിന്ദുക്കളും”ഒറിജിനൽ ഹിന്ദുക്കളും’ തമ്മിലുള്ള ഏറ്റുമുട്ടലല്ല,മതനിരപേക്ഷ ഇന്ത്യയും ഹിന്ദുത്വ വർഗീയതയും തമ്മിലുള്ള സമരമാണ് രാജ്യം ആവശ്യപ്പെടുന്നത്. ‘യഥാർത്ഥ ഹിന്ദുക്കൾ ഭരണത്തിൽ വരണം’ എന്ന് കോൺഗ്രസ്സ് പറയുമ്പോൾ,ലളിതമായ ഒരു സംശയം, മുസ്ലിങ്ങളും, ക്രിസ്ത്യാനികളും, പാഴ്സിയും, സിഖുകാരുമെല്ലാം….??? എല്ലാവരുടേതുമാണ് ഇന്ത്യ. ഇവിടെ എഴുതി അവസാനിപ്പിക്കാനാകാത്ത ഇനിയും എത്രയോ മതങ്ങൾ,ഒരു മതവുമില്ലാത്തവർ അവരെല്ലാവരുമാണു ഇന്ത്യ. ഗാന്ധിയും നെഹ്രുവും ധീരദേശാഭിമാനികളും സ്വപ്നം കണ്ട,ഭരണഘടന ഉറപ്പ് നൽകുന്ന ബഹുസ്വരതയുടെ ഇന്ത്യ. ‘ഒരു രാഷ്ട്രം ഒരു ഭാഷ ഒരു സംസ്കാരം’ സംഘ്പരിവാർ ലക്ഷ്യം വയ്ക്കുന്ന ഇന്ത്യ ഇതാണ്. വൈവിധ്യങ്ങളും ബഹുസ്വരതയും അംഗീകരിക്കപ്പെടാത്ത ഇന്ത്യ.’ഇന്ത്യ എല്ലാവരുടേതുമല്ല,ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമാണ്. ‘മററുള്ളവർ ഭരണ നിർവഹണത്തിലോ, പ്രധാനകാര്യങ്ങളിലോ ഉത്തരവാദിത്തവുമില്ലാത്ത രണ്ടാം തരക്കാർ മാത്രം. ഗോഡ്‌സെ പങ്കവച്ച അവസാന ആഗ്രഹവും ഹിന്ദു രാഷ്ട്രമായിരുന്നു.കാലങ്ങൾക്കിപ്പുറം, ഗാന്ധി ഘാതകരുടെ സ്വപ്നം, ഗാന്ധിയെന്ന പേരിന്റെ പ്രഭയിൽ രാഷ്ട്രീയം നടത്തുന്ന ശ്രീ രാഹുൽ രാജ്യത്തോട് പങ്ക് വയ്ക്കുന്നു.
നെഹ്‌റുവിനെ ‘മറയ്ക്കാനാണ്’ ബിജെപി സർക്കാർ ശ്രമിക്കുന്നത്.കോൺഗ്രസ്സ് നെഹ്‌റുവിനെ ‘മറക്കാനും’.നെഹ്രുവും ഗാന്ധിയും വിഭാവനം ചെയ്ത മതനിരപേക്ഷ ഇന്ത്യയല്ല രാഹുലിന്റെ കോൺഗ്രസ്സ് മുന്നോട്ട് വയ്ക്കുന്നത് എന്ന് വ്യക്തം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പ്രചരണ വേദികളിൽ നിന്ന് മുസ്ലിം നാമധാരികളായ കോൺഗ്രസ്സ് നേതാക്കളെ കോൺഗ്രസ്സ് തന്നെ മാറ്റി നിർത്തിയത് വാർത്തയായിരുന്നു. ഇസ്ലാമോഫോബിയയ്ക്ക് കോൺഗ്രസ്സ് വിധേയമായി കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് യുപിയിലെ മധുര മസ്ജിദിൽ കൃഷ്ണവിഗ്രഹം വയ്ക്കണം എന്ന് ഒരു കൂട്ടം വർഗീയ വാദികൾ ആവശ്യപ്പെട്ടത്.ഇത് ബിജെപിയുടെ അജണ്ടയാണ്. യുപി തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു.ഇത് സംബന്ധിച്ച് ഒരാശങ്കയും രാഹുലിനും പ്രിയങ്കയ്ക്കും ഇല്ല.അടിച്ചമർത്തപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ ആശങ്ക കോൺഗ്രസ്സ് പ്രകടിപ്പിക്കുന്നില്ല. പകരം,ഹിന്ദുത്വ വർഗീയതയുടെ മെഗാ ഫോണായി മാറാനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നത്.
“ഞങ്ങളാണ് നല്ല ഹിന്ദു” ഇതാണ് കോൺഗ്രസ്സിന്റെ മുദ്രാവാക്യം.!! ബാബരി മസ്ജിദ് തകർക്കാൻ സഹായം ചെയ്തു കോൺഗ്രസ്സ്.അതിൽ ഒരു പ്രതിയും ശിക്ഷിക്കപ്പെടാതിരിക്കാൻ ‘ജാഗ്രത’ കാണിച്ചു കോൺഗ്രസ്സ്.പള്ളി തകർത്ത സ്ഥലത്തു രാമക്ഷേത്രത്തിന് പ്രധാനമന്ത്രി തന്നെ ശിലയിട്ടപ്പോൾ,ഒരാശങ്കയും കോൺഗ്രസ്സിനുണ്ടായില്ല!!. സംഘപരിവാറിന്റെ സ്വപ്നങ്ങളിലുള്ള മത രാഷ്ട്ര നിർമ്മിതിയുടെ ആ ശിലാസ്ഥാപന കർമ്മം കോൺഗ്രസ്സും അന്നേ ദിവസം ആഘോഷിക്കുകയായിരുന്നു. മൃദുവായോ ശക്തമായോ വർഗീയത തന്നെയാണ് തങ്ങളുടെ നയം എന്ന് ഔദ്യോഗികമായി കോൺഗ്രസ്സ് പ്രഖ്യാപിച്ചിരിക്കുന്നു. ഇനി ഒരു ചോദ്യമേയുള്ളു… നിങ്ങൾ ഏത് പക്ഷത്ത്.? വർഗീയ ഫാസിസത്തിനെതിരായ പോരാട്ടത്തിൽ മതനിരപേക്ഷതയുടെ പക്ഷമാണോ, മൃദു ഹിന്ദുത്വ വർഗീയതയുടെ പക്ഷത്തോ???
Post Your Comments