ഇസ്ലാമാബാദ് : പാകിസ്താനില്‍ ആരോഗ്യ പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് പാക് ഭീകരര്‍ . പോളിയോ വാക്സിനേഷന് പ്രവര്‍ത്തകര്‍ക്ക് സുരക്ഷയൊരുക്കിയ പോലീസുകാര്‍ക്ക് നേരെ ഭീകരാക്രമണം. ഭീകരന്റെ വെടിയേറ്റ് ഒരു പോലീസുകാരന് കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. വടക്ക് കിഴക്കന്‍ പാകിസ്താനിലെ ഖൈബര്‍ പക്തുന്‍ഖ്വ പ്രവിശ്യയിലാണ് സംഭവം.
പ്രവിശ്യയിലെ ടാങ്ക് ജില്ലയില്‍ അഞ്ച് ദിവസത്തെ പോളിയോ വാക്സിനേഷന് യജ്ഞം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഭീകരാക്രമണം. വിവരം അറിഞ്ഞ് ബൈക്കില്‍ എത്തിയ ഭീകരര്‍ വാക്സിനേഷന് പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഒരുക്കിയ പോലീസുകാര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പോലീസുകാരന് സംഭവ സ്ഥലത്തുതന്നെ മരിച്ചു. ശബ്ദംകേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്ന ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.
പാകിസ്താനിലെ താലിബാന് എന്നറിയപ്പെടുന്ന തെഹരീക്-ഇ-താലിബാന് ആണ് ആക്രമണത്തിന് പിന്നില്‍. സംഭവത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടന ഏറ്റെടുത്തിട്ടുണ്ട്. ആക്രമണങ്ങള്‍ക്ക് മണിക്കൂറുകള്‍ക്ക് പിന്നാലെ തെഹരീക് ഇ താലിബാന് വക്താവ് മുഹമ്മദ് ഖുറസാനിയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്ത് വന്നത്.
Post Your Comments