ഏറ്റുമാനൂർ: കള്ള് ഷാപ്പ് ജീവനക്കാരനെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ തടസം നിന്ന ഭാര്യക്കു വെട്ടേറ്റ സംഭവത്തിൽ യുവാവ് പിടിയിൽ. പേരൂർ എംഎച്ച്എസി കോളനിയിൽ പുത്തൻപറമ്പിൽ വിഷ്ണു രാജാണ് (കൊച്ചു വിഷ്ണു-24) പൊലീസ് പിടിയിലായത്. ഏറ്റുമാനൂർ പൊലീസ് ആണ് പ്രതിയെ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ 16നായിരുന്നു കേസിനാസ്പദമായ സംഭവം. വിഷ്ണുരാജും സുഹൃത്തായ വിഷ്ണുവും പാറോലിക്കൽ ഷാപ്പിൽ ചെന്നു മദ്യപിച്ചശേഷം ഉണ്ടായ തർക്കമാണു വീടുകയറി ആക്രമണത്തിലേക്ക് നയിച്ചത്.
Read Also : ജര്‍മനിയില്‍ നഴ്സ്: നോര്‍ക്ക റിക്രൂട്ട്മെന്റിന് ഇപ്പോൾ അപേക്ഷിക്കാം
ഷാപ്പിലുണ്ടായ തർക്കത്തെത്തുടർന്നു വിഷ്ണുരാജിനെയും വിഷ്ണുവിനെയും ഷാപ്പിൽ കയറുന്നതിൽ നിന്നും ജീവനക്കാർ വിലക്കിയിരുന്നു. ഇവരുടെ സുഹൃത്തിന്റെ അച്ഛനും ഈ ഷാപ്പിലെ ജീവനക്കാരനുമായ ബാബു കാരണമാണു ഷാപ്പിൽ വിലക്ക് ഏർപ്പെടുത്തിയതെന്ന് ആരോപിച്ച് ബാബുവിന്റെ മകനുമായി ഇവർ വഴക്കുണ്ടാക്കുകയും അന്ന് രാത്രി മദ്യപിച്ചശേഷം വീട്ടിൽ കയറി വടിവാൾ ഉപയോഗിച്ച് ബാബുവിനെ തലയ്ക്കു വെട്ടാൻ ശ്രമിക്കുകയുമായിരുന്നു. ഇതു തടയാൻ ശ്രമിച്ചപ്പോഴാണ് ബാബുവിന്റെ ഭാര്യ ലൈസയുടെ (45) കൈയ്ക്കു വെട്ടേറ്റത്.
ആക്രമണശേഷം ഒളിവിലായിരുന്ന വിഷ്ണു രാജിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ആർ. രാജേഷ് കുമാർ, എസ്ഐ ടി.എസ്. റെനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് വിഷ്ണുരാജിനെ അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ വിഷ്ണു ഒളിവിലാണ്.
Post Your Comments