തിരുവനന്തപുരം : സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ വിയോഗത്തില്‍ രാജ്യം ഒന്നടങ്കം വിലപിക്കുമ്പോള്‍ അദ്ദേഹത്തെ അപമാനിച്ച് പോസ്റ്റിട്ട സര്‍ക്കാര്‍ പ്ലീഡര്‍ അഡ്വ.രശ്മിത രാമചന്ദ്രനെതിരെ പരാതി. യുവമോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി ശ്യാം രാജാണ് രശ്മിതയ്ക്കെതിരെ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറല്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പരാതിയുടെ പകര്‍പ്പും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
തോന്നിയതെന്തും വിളിച്ചുപറയുന്നതാണ് ഗവണ്‍മെന്റ് പ്ലീഡറുടെ ജോലിയെന്ന് തെറ്റിദ്ധരിക്കരുതെന്ന് പരാതി നല്‍കിയ ശേഷം അദ്ദേഹം പറഞ്ഞു. അന്തരിച്ച സംയുക്ത സൈനിക മേധാവിയെക്കുറിച്ച്, അവര്‍ ഫേസ്ബുക്കിലെഴുതിയത് മുഴുവന്‍ അസത്യങ്ങളാണ്. ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതാണ്. രാജ്യത്തിന്റെ സംവിധാനങ്ങളോട് അവമതിപ്പുണ്ടാക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.
‘ഒരു പക്ഷേ നിയമത്തിന്റെ പഴുതുകളുപയോഗിച്ചവര്‍ ശിക്ഷിക്കപ്പെടാതെ രക്ഷപെടുമായിരിക്കാം. എന്നിരുന്നാലും ഒരു വശത്ത് ചൈനയും, മറുവശത്ത് പാക്കിസ്താനും ഇല്ലാതാക്കാന്‍ തക്കം പാര്‍ത്തിരിയ്ക്കുന്നൊരു രാജ്യത്ത് ,രാജ്യത്തിനുള്ളില്‍ നിന്നു തന്നെ ഇത്തരത്തില്‍ അഭിപ്രായങ്ങളുണ്ടാവുന്നത് പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ല’.
തനിയ്ക്കെതിരെ വന്ന ഫേസ്ബുക്ക് പോസ്റ്റ് നോക്കി വരെ കേസെടുത്ത മുഖ്യമന്ത്രി, സംയുക്ത സൈനിക മേധാവി മരണപ്പെട്ട ദിവസം തന്നെ ഇത്തരത്തിലൊരു പ്രതികരണം നടത്തിയ ആള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ശ്യാം രാജ് വ്യക്തമാക്കി.
ജനറല്‍ ബിപിന്‍ റാവത്ത് അന്തരിച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തെ അപമാനിച്ചുകൊണ്ടുള്ള രശ്മിതയുടെ പ്രതികരണം. ബിപിന്‍ റാവത്തിനെ ഭരണഘടനാ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് സംയുക്ത സൈനിക മേധാവിയാക്കിയതെന്നും, മരണം ആരെയും വിശുദ്ധരാക്കില്ലെന്നുമായിരുന്നും രശ്മിതയുടെ പരാമര്‍ശം.
Post Your Comments