Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുളള സാമ്പിൾ സർവേ സ്റ്റേ ചെയ്യണം: ആവശ്യവുമായി എൻ എസ് എസ്

2019 ൽ ജസ്റ്റിസ് എ വി രാമകൃഷ്ണ പിളള സമർപ്പിച്ച റിപ്പോർട്ടിൽ സംസ്ഥാനത്തെ മുഴുവൻ സമുദായങ്ങളുടെയും മുന്നാക്ക, പിന്നാക്കാവസ്ഥയെക്കുറിച്ച് വിശദമായ പഠനം വേണമെന്നായിരുന്നു ശുപാർശ.

കൊച്ചി: സാമ്പിൾ സർവേ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി എൻ എസ് എസ് ഹൈക്കോടതിയിൽ. മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുളള സാമ്പിൾ സർവേ സ്റ്റേ ചെയ്യണമെന്നാണ് എൻ എസ് എസിന്റെ ആവശ്യം. സാമ്പിൾ സ‍ർവേ സമഗ്രമല്ലെന്നും മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ യഥാർഥ ജീവിതാവസ്ഥ പുറത്തുവരില്ലെന്നുമാണ് വാദം. ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിശദവാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരാണ് ഹൈക്കോടതിയിലെ ഹർജിക്കാരൻ.

2019 ൽ ജസ്റ്റിസ് എ വി രാമകൃഷ്ണ പിളള സമർപ്പിച്ച റിപ്പോർട്ടിൽ സംസ്ഥാനത്തെ മുഴുവൻ സമുദായങ്ങളുടെയും മുന്നാക്ക, പിന്നാക്കാവസ്ഥയെക്കുറിച്ച് വിശദമായ പഠനം വേണമെന്നായിരുന്നു ശുപാർശ. എന്നാൽ സർക്കാരിന്‍റെ ഭാഗത്തുനിന്ന് തുടർ നടപടിയുണ്ടായില്ലെന്നാണ് ഹർജിയിലുളളത്. പിന്നീട് വന്ന എം ആർ ഹരിഹരൻ നായർ കമ്മീഷനാണ് നിലവിൽ സാമ്പിൾ സർവേ നടത്തുന്നത്. ഈ കമ്മീഷന്‍റെ കാലാവധി അടുത്ത വർഷം മാർച്ചിൽ അവസാനിക്കുകയുമാണ്.

നിലവിൽ ഒരു വാർഡിൽ നിന്ന് 5 കുടുംബങ്ങളെയാണ് സ‍ർവേയ്ക്കായി പരിഗണിക്കുന്നത്. ഈ പരിശോധനാ രീതി മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ യഥാർഥ ജീവിതചിത്രം പുറത്തുകൊണ്ടുവരില്ലെന്നാണ് എൻ എസ് എസിന്‍റെ വാദം. സാമ്പിൾ സർവേയല്ല വിശദമായ പഠനമാണ് ഇക്കാര്യത്തിൽ വേണ്ടത്. സാമ്പിൾ സർവേ തെറ്റായ വിവരങ്ങൾ നൽകിയേക്കുമെന്നും ഭാവിയിൽ അത് സർക്കാർ മാനദണ്ഡമാക്കിയാൽ അർഹതപ്പെട്ടവർക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമെന്നുമാണ് ഹർജിയിലുളളത്.

shortlink

Post Your Comments


Back to top button