കോട്ടാങ്ങൽ: പത്തനംതിട്ട മല്ലപ്പളളി കോട്ടാങ്ങലിൽ സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി ഞാൻ ബാബരി എന്ന് ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. ഒന്നാം പ്രതി ചുങ്കപ്പാറ സ്വദേശി മുനീർ ഇബ്‌നു നസീർ, ബാക്കി കണ്ടാലറിയാവുന്ന 2 പേരെയാണ് പ്രതിചേർത്തിരിക്കുന്നത്. പ്രതികൾക്കെതിരെ 341, 153 (എ), 34 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മതസ്പർദ്ധ വളർത്താനും സാമുദായിക ലഹള സൃഷ്ടിക്കാനും പ്രതികൾ നീക്കം നടത്തിയെന്ന് എഫ്‌ഐആറിൽ പറയുന്നു.
സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കാനായിരുന്നു പ്രതികളുടെ നീക്കമെന്നും പോലീസ് പറയുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസ് എടുത്തത്. ബിജെപി റാന്നി മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് കെ പിള്ളയുടെ പരാതിയിലാണ് കേസ്. ബാഡ്ജ് ധരിപ്പിക്കുന്ന ഒരാളുടെ മുഖവും ചിത്രങ്ങളിൽ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിരുന്നു. പെരുമ്പട്ടി പോലീസ് ആണ് കേസെടുത്തത്.ഇന്ന് രാവിലെയാണ് കോട്ടാങ്ങൽ സെന്റ് ജോർജ്ജ് സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥികളുടെ നെഞ്ചിൽ ഞാൻ ബാബരി എന്നെഴുതിയ ബാഡ്ജ് ഭീഷണിപ്പെടുത്തി ധരിപ്പിച്ചത്. സംഭവത്തിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു.
Post Your Comments