തിരുവനന്തപുരം: വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കുന്നതിനു വ്യവസായ വകുപ്പ് നടപ്പിലാക്കിയ കേന്ദ്രീകൃത പരിശോധനാ സംവിധാനമായ കെ-സിസിന് കീഴിൽ ഇതിനകം രജിസ്റ്റർ ചെയ്തത് അഞ്ച് ലക്ഷം സ്ഥാപനങ്ങൾ.
ഈ സ്ഥാപനങ്ങളിൽ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ്, തൊഴിൽ വകുപ്പ്, ലീഗൽ മെട്രോളജി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകളുടെ പരിശോധനകൾ കേന്ദ്രീകൃതമായി കെ-സിസ് പോർട്ടലിലൂടെയാണ് നടത്തുക. ചട്ടങ്ങളിൽ അനുശാസിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പരിശോധനകൾ സുതാര്യമായി നടത്തുന്നതിനായി രൂപീകരിച്ച കെ-സിസ് സംവിധാനത്തിലൂടെ 1,387 പരിശോധനകൾ ഇതിനകം പൂർത്തിയാക്കി.
സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപുള്ള പരിശോധന, പതിവ് പരിശോധന, പരാതിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന പരിശോധന എന്നിവയെല്ലാം ഈ സംവിധാനത്തിന് കീഴിലാണ് വരുന്നത്. പരിശോധന ഷെഡ്യൂൾ വെബ് പോർട്ടൽ സ്വയം തയ്യാറാക്കും. ഇതിന് പുറമെ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരെ പോർട്ടൽ തന്നെ തിരഞ്ഞെടുക്കും. ഒരു സ്ഥാപനത്തിൽ ഒരേ ഇൻസ്‌പെക്ടർ തുടർച്ചയായി രണ്ട് പരിശോധനകൾ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. സ്ഥാപനത്തിന് മുൻകൂട്ടി എസ്.എം.എസ് അല്ലെങ്കിൽ ഇമെയിൽ മുഖേന അറിയിപ്പ് നൽകിയായിരിക്കും കെ-സിസ് വഴിയുള്ള പരിശോധന. പരിശോധനക്ക് ശേഷം അത് സംബന്ധിച്ച റിപ്പോർട്ട് 48 മണിക്കൂറിനുള്ളിൽ കെ – സിസ് പോർട്ടലിൽ പ്രസിദ്ധീകരിക്കും.
കഴിഞ്ഞ ജൂലൈ 30ന് ഉദ്ഘാടനം ചെയ്ത് നാല് മാസത്തിനുള്ളിലാണ് ഇത്രയും സ്ഥാപനങ്ങൾ കെ-സിസിന് കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. സ്ഥാപനങ്ങളിൽ പരിശോധന നടത്താൻ നിയമം മൂലം ചുമതലപ്പെട്ട മറ്റ് വകുപ്പുകളും ഏജൻസികളും കൂടി കെ-സിസ് സംവിധാനത്തിന്റെ കീഴിൽ കൊണ്ടു വരുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Post Your Comments