KeralaLatest NewsNews

പൊലീസുകാര്‍ കാരണമില്ലാതെ മര്‍ദ്ദിച്ചതായി വി.ഡി സതീശന്റെ പേഴ്‌സ്ണല്‍ സ്റ്റാഫ് അംഗം

എംഎല്‍എയെയും എംപിയെയും വരെ ഞങ്ങള്‍ റോഡിലിട്ട് തല്ലിയിട്ടുണ്ടെന്ന് പൊലീസുകാര്‍

കൊച്ചി : പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പേഴ്സ്ണല്‍ സ്റ്റാഫ് അംഗത്തെ പൊലീസ് കാരണമില്ലാതെ മര്‍ദ്ദിച്ചതായി പരാതി. കെ.എസ്.യു സംസ്ഥാന സെക്രട്ടറി കൂടിയായ എ.എ അജ്മലാണ് ആലുവയില്‍വച്ച് തനിക്ക് നേരെ പൊലീസ് മര്‍ദ്ദനമുണ്ടായെന്ന ആരോപണവുമായി രംഗത്തെത്തിയത്.

Read Also : പഞ്ചനക്ഷത്ര വേശ്യാലയ സൗകര്യങ്ങളുള്ള ആ കാര്‍ വനിതാ ഡോക്ടറുടേതെന്ന് സംശയം

കഴിഞ്ഞ ദിവസം രാത്രി 11.45ന് ആലുവ ബാങ്ക് കവലക്ക് സമീപം ഫോണ്‍ ചെയ്ത് നില്‍ക്കുകയായിരുന്ന തന്നെ പൊലീസുകാര്‍ കാരണമില്ലാതെ മര്‍ദ്ദിക്കുകയും ഫോണ്‍ പിടിച്ചുവെച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് അജ്മലിന്റെ ആരോപണം.

അജ്മലിന്റെ പ്രതികരണം

‘രാവിലെ അല്‍ അസര്‍ കോളേജിലെ പ്രതിപക്ഷ നേതാവിന്റെ പരിപാടിയിലേക്ക് മോഫിയയുടെ പിതാവിനെ എത്തിച്ച ശേഷം എന്റെ വാഹനം അവിടെവെച്ച് മറ്റു ചില ആവശ്യങ്ങള്‍ക്കായി പോയിരിക്കുകയായിരുന്നു. ഈ വാഹനം തിരിച്ചെടുക്കാനായാണ് രാത്രി ആലുവയിലെത്തിയത്. കെ ആര്‍ ബേക്കറിക്ക് മുന്നിലെ തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ച് ഞാനും രണ്ട്, മൂന്ന് കെ.എസ്.യു പ്രവര്‍ത്തകരും നില്‍ക്കുമ്പോഴാണ് സ്ഥലത്ത് ബീറ്റ് പൊലീസുകാരെത്തിയത്.’

‘സമയം പന്ത്രണ്ട് കഴിഞ്ഞെന്നും അവിടെ നിന്ന് പോകണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് അവിടെ നിന്ന് കുറച്ചുമാറിയപ്പോഴാണ് ഒരു ഫോണ്‍ കോള്‍ വന്നത്. ഫോണില്‍ സംസാരിച്ച് നില്‍ക്കുന്നതിനിടെ അവിടെ എത്തിയ പൊലീസുകാര്‍ ഞാനാരാണെന്ന് ചോദിച്ചപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫാണെന്നും കെ.എസ്.യു സംസ്ഥാന ഭാരവാഹിയാണെന്നും പറഞ്ഞു. ഇതോടെ നീ ആരായാലും ഞങ്ങള്‍ക്കെന്താണ് പറഞ്ഞ് ഐഡി കാര്‍ഡ് ആവശ്യപ്പെട്ടു. ഐഡി കാര്‍ഡ് എടുക്കുന്നതിനിടെ എന്തിനാണ് ഒച്ചവെയ്ക്കുന്നതെന്ന് ചോദിച്ചതിന് പൊലീസുകാരെ വിരട്ടുന്നോ എന്നു ചോദിച്ച് ഒരു പൊലീസുകാരന്‍ എന്റെ മുഖത്തിടിച്ചു. ഇത് ചോദ്യം ചെയ്തതോടെ വീണ്ടും മര്‍ദിച്ചു. കൂടെയുണ്ടായവരോട് ആരെയെങ്കിലും അറിയിക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ നെഞ്ചത്തു ചവിട്ടി.’

‘തുടര്‍ന്ന് അന്‍വര്‍ സാദത്ത് എംഎല്‍എയെ വിളിച്ച് പൊലീസ് മര്‍ദ്ദിച്ചതായി അറിയിച്ചു. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസ് പട്രോളിംഗ് സംഘത്തിലെ എഎസ്ഐയോട് പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് പറഞ്ഞെങ്കിലും അദ്ദേഹവും ക്ഷുഭിതനായി സംസാരിച്ചു. വാഹനത്തില്‍ നിന്ന് ചാടിയിറങ്ങിയ മറ്റൊരു പൊലീസുകാരന്‍ അവന്റെ നട്ടെല്ല് ചവിട്ടിയൊടിക്കണമെന്ന് ആക്രോശിച്ചു. ഇതെല്ലാം അന്‍വര്‍ സാദത്ത് എംഎല്‍എ ഫോണിലൂടെ കേള്‍ക്കുന്നുണ്ടായിരുന്നു.’

‘നീ ആരെയാണ് ഫോണ്‍ വിളിക്കുന്നതെന്ന് ചോദിച്ച എഎസ്ഐ ഫോണ്‍ പിടിച്ചുവാങ്ങി ജീപ്പിനോട് ചേര്‍ത്തുനിര്‍ത്തി ഇടിച്ചു. അവിടെ നിന്ന് മാറിനിന്ന് തന്നെ വീണ്ടും പൊലീസ് വാഹനത്തിനടുത്തേക്ക് വിളിച്ച് നാല് പൊലീസുകാര്‍ ചേര്‍ന്ന് നിലത്തിട്ട് ചവിട്ടി. പിന്നാലെ പൊലീസുകാരോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ടു. ഇത് നിഷേധിച്ച് ഫോണ്‍ തിരിച്ചുവേണമെന്നും അത് എന്റെ അവകാശമാണെന്നും പറഞ്ഞു. ഇതിന്റെ ഇടയില്‍ കൂടെയുണ്ടായിരുന്ന ഒരാള്‍ ഞാന്‍ പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫാണെന്ന് പറഞ്ഞു. അതിന് നിങ്ങളുടെ എംഎല്‍എയെയും എംപിയെയും വരെ ഞങ്ങള്‍ റോഡിലിട്ട് തല്ലിയിട്ടുണ്ടെന്നായിരുന്നു പൊലീസിന്റെ മറുപടി. വീണ്ടും അവര്‍ ആരെയൊക്കെയോ ഫോണ്‍ വിളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഞാന്‍ ചായ കുടിച്ച കടയിലേക്ക് ഓടി അവരോട് കാര്യം പറഞ്ഞു. അവിടെവെച്ച് തലകറങ്ങി വീണ എന്നെ കൂടുതല്‍ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.’-അജ്മല്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button