തിരുവനന്തപുരം: തിരുവല്ലയിൽ നടന്നത് ക്രൂരവും ആസൂത്രിതവുമായ കൊലപാതകമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തിയ ശേഷം ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവല്ലയിൽ സിപിഎം പ്രാദേശിക നേതാവ് സന്ദീപിനെ കുത്തിക്കൊന്ന സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കൊലയാളികളെ ജനങ്ങൾ ഒറ്റപ്പെടുത്തണമെന്നും ആർ എസ് എസ് പ്രകോപനത്തിൽ വീഴാതെ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊലയ്ക്ക് പിന്നിൽ ആർ എസ് എസ് സംഘമാണെന്നും കൊലയ്ക്ക് പകരം കൊല എന്നത് സിപിഎം മുദ്രാവാക്യമല്ലെന്നും കോടിയേരി പറഞ്ഞു.
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന വർഷമായ 2016ന് ശേഷം 20 സിപിഎം പ്രവർത്തകർ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 15 പേരെ കൊലപ്പെടുത്തിയത് ആർഎസഎസ് ബിജെപി സംഘമാണ്. കേരളത്തിൽ നിന്നും ഇടത് പക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്നും കോടിയേരി ആരോപിച്ചു.
കൊലയ്‌ക്ക് ആർഎസ്എസ് ബന്ധമില്ലെന്ന് അന്വേഷണം കഴിയുന്നതിന് മുൻപ് പോലീസ് പറയരുതായിരുന്നുവെന്നും കോടിയേരി പറഞ്ഞു. പത്തനംതിട്ടയിലെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധം നടത്തും. ഡിസംബർ 7 ന് കേരളത്തിൽ സിപിഎം പ്രതിഷേധം സംഘടിപ്പിക്കും. ആർഎസ്എസിന്റെ ആക്രമണങ്ങളിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഈ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത് എന്നും കോടിയേരി അറിയിച്ചു.
Post Your Comments