മസ്‌കറ്റ്: ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തതോടെ ആശങ്കയിലായിരിക്കുകയാണ് മസ്‌കറ്റിലെ പ്രവാസികൾ. കൊവിഡ് വ്യാപനത്തെ തുടർന്ന് രണ്ടു വർഷത്തിലധികം നാട്ടിൽ പോകാൻ കഴിയാതിരുന്ന പ്രവാസികൾ ക്രിസ്മസിന് നാട്ടിൽ പോകാനായി തയ്യാറെടുത്തിരിക്കവെയാണ് തിരിച്ചടിയായി ഒമിക്രോൺ വ്യാപനം റിപ്പോർട്ട് ചെയ്തത്. നാട്ടിലേക്ക് പോകാനിരുന്ന പ്രവാസികളിൽ ഭൂരിഭാഗം പേരും ടിക്കറ്റ് റദ്ദാക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്. മുൻകൂട്ടി അവധി എടുത്തവർ പോലും ടിക്കറ്റ് റദ്ദാക്കുന്നുണ്ട്.
കൂടുതൽ രാജ്യങ്ങളിലേക്ക് ഒമിക്രോൺ വൈറസ് വ്യാപിക്കുന്നത് ട്രാവൽ മേഖലയിൽ വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നാണ് വിദഗ്ധർ പറയുന്നത്. കോവിഡ് വ്യാപനം കുറഞ്ഞതോടെ തിരിച്ചു വരവിന്റെ പാതയിലായ വ്യോമ മേഖലയ്ക്ക് ഉൾപ്പെടെ കനത്ത തിരിച്ചടിയാണ് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ഉണ്ടായത്.
അതേസമയം ഒമാനിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ ശൈത്യകാല അവധികൾ അടുത്ത ആഴ്ചയോടു കൂടി ആരംഭിക്കുന്നതാണ്. ഒമിക്രോൺ വ്യാപനം ഉയരുന്ന സാഹചര്യം ഉണ്ടായാൽ ഭൂരിഭാഗം പേരും യാത്ര റദ്ദാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Post Your Comments