Latest NewsKeralaIndia

കടൽമാർഗമുള്ള തീവ്രവാദ, ലഹരി കടത്ത് തടയിടാൻ ശക്തമായ സുരക്ഷാ വിന്യാസവുമായി നാവിക സേന, കേരള തീരത്ത് പ്രത്യേക നിരീക്ഷണം

ദക്ഷിണ നാവിക സേനയുടെ മേധാവിയായി ചുമതയേറ്റ ശേഷമുള്ള ആദ്യ വാര്‍ത്താ സമ്മേളനമായിരുന്നു അദ്ദേഹത്തിന്റേത്.

കൊച്ചി: കടല്‍മാര്‍ഗ്ഗമുള്ള തീവ്രവാദ പ്രവര്‍ത്തനത്തനങ്ങള്‍ക്കും ലഹരി കടത്തിനും തടയിടാന്‍ സമുദ്ര മേഖലയില്‍ ശക്തമായ സുരക്ഷാ വിന്യാസം നടത്തുമെന്ന് ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്‌മിറല്‍ എം.എ ഹംപി ഹോളി. കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് നങ്കൂരമിട്ട ഐ.എന്‍.എസ് ഹീര്‍ പടക്കപ്പലില്‍ വെച്ച്‌ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണ നാവിക സേനയുടെ മേധാവിയായി ചുമതയേറ്റ ശേഷമുള്ള ആദ്യ വാര്‍ത്താ സമ്മേളനമായിരുന്നു അദ്ദേഹത്തിന്റേത്.

തീവ്രവാദവും കള്ളക്കടത്തും നടത്തുന്ന ഒരാളെയും വെറുതെ വിടില്ല. അതിനായി രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏതൊരു പ്രവര്‍ത്തികളും അപ്പോള്‍ തന്നെ കണ്ടെത്താനായി പ്രത്യേക സംഘത്തെ ആകാശ മാര്‍ഗ്ഗവും കടല്‍മാര്‍ഗ്ഗവും നിരീക്ഷണത്തിനായി നിയോഗിക്കും. മത്സ്യത്തൊഴിലാളികളെ നിരീക്ഷിക്കാനും പ്രത്യേക സംവിധാനമുണ്ടാകും. സമുദ്ര മേഖലയിലൂടെ ആയുധ- മയക്കുമരുന്ന് കടത്ത് ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ശ്രീലങ്കന്‍ ബോട്ടില്‍ നിന്ന് മയക്കുമരുന്നുകളും എകെ47 അടക്കമുള്ള തോക്കുകളും പിടികൂടിയിട്ടുണ്ട്. ഇതിനുശേഷം തീരസംരക്ഷണ സേനയും നാവിക സേനയും വലിയ ജാഗ്രതയിലാണ്.

കടല്‍ മാര്‍ഗത്തിലൂടെയുള്ള ശത്രുക്കളുടെ ഒരു കടന്നുകയറ്റവും ഇനി ഉണ്ടാവില്ലെന്നും ഹംപി ഹോളി പറഞ്ഞു. ജനങ്ങളുമായി കൂടുതല്‍ ഇടപഴുകി അവരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ നപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തിലും കോവിഡ് കാലത്തും നാവിക സേന ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാനായി സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ത്ത് പ്രവര്‍ത്തിച്ചു. അവസാനമായി കോട്ടയം – ഇടുക്കി ജില്ലകളിലായി മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്തി എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ 65000 ടണ്‍ ശേഷിയുള്ള വലിയ വിമാന വാഹിനിക്കപ്പല്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ്. ഐ.എന്‍.എസ് വിക്രാന്തിന് ശേഷം ഈ വിമാന വാഹിനി കൂടി എത്തിയാല്‍ ഇന്ത്യന്‍ നേവി സമുദ്ര മേഖലയില്‍ വലിയ ആധിപത്യം സ്ഥാപിക്കും. പുതിയ കപ്പല്‍ നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ അനുമതി മാത്രമാണ് ഇനി വേണ്ടത്. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ അന്തര്‍വാഹിനികളുട നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്നും എല്ലാ രീതിയിലും നാവിക സേനയുടെ കാര്യക്ഷമത വര്‍ദ്ദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേവല്‍ സ്റ്റാഫ് ചീഫ് ആന്റണി ജോര്‍ജ് കമാന്‍ഡര്‍ അതുല്‍ പിള്ള എന്നിവരും വാര്‍ത്താ സമ്മെളനത്തില്‍ പങ്കെടുത്തു.

shortlink

Post Your Comments


Back to top button