തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ വേതന നിരക്കില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലെന്ന് റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഹാന്‍ഡ്ബുക്ക് ഓഫ് സ്റ്റാറ്റിറ്റിക്സ് ഓണ്‍ ഇന്ത്യന്‍ സ്റ്റേറ്റ്സ് 2020-21 എന്ന പഠന റിപ്പോര്‍ട്ടിലാണ് ഗ്രാമീണ മേഖലയിലെ വേതന നിരക്കില്‍ ദേശീയ ശരാശരിയുടെ ഇരട്ടിയിലുമധികമാണ് കേരളത്തിലെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ ഗ്രാമീണ മേഖയിലെ കര്‍ഷക തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ശരാശരി ദിവസ വേതനം 706.5 രൂപയാണ്. ദേശീയ ശരാശരി 309.9 രൂപയും. കാര്‍ഷികേതര തൊഴിലാളികള്‍ക്ക് കേരളത്തില്‍ ശരാശരി 677.6 രൂപ വേതനം ലഭിക്കുമ്പോള്‍ ദേശീയതലത്തില്‍ അത് 315.3 രൂപയാണ്. ഗ്രാമീണ മേഖലയില്‍ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ശരാശരി ദിവസ വേതനം ദേശീയ തലത്തില്‍ 362.2 രൂപയാണെന്നിരിക്കെ, സംസ്ഥാനത്ത് ഇത് 829.7 രൂപയാണ്.
ഗ്രാമീണ മേഖലയിലെ വേതന നിരക്കില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ ഏറെ മുകളിലാണെന്നത് അഭിമാനകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നീണ്ടകാലത്തെ തൊഴിലാളിവര്‍ഗ മുന്നേറ്റത്തിന്റെ ചരിത്രം ഈ നേട്ടത്തിനു പുറകിലുണ്ട്. ന്യായമായ വേതനം തൊഴിലാളികളുടെ അവകാശമാണ്. ആ അവകാശം സംരക്ഷിക്കുന്നതിനു വേണ്ട പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments