കേരളത്തില്‍ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയെന്ന് കരുതപ്പെടുന്ന നൂറ്റിയെട്ട് ശിവക്ഷേത്രങ്ങളില്‍ അതിപുരാതനവും ചരിത്ര പ്രസിദ്ധവുമായ ക്ഷേത്രമാണ് കണ്ടിയൂര്‍ മഹാദേവ ക്ഷേത്രം. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കണ്ടിയൂരപ്പനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. രാവിലെ ദക്ഷിണാമൂര്‍ത്തിയായ വിദ്യ പ്രദായകനായും ഉച്ചയ്ക്ക് ദാമ്പത്യ സുഖപ്രദായകനായ ഉമാമഹേശ്വരനായും വൈകുന്നേരം സര്‍വ്വസംഹാര മൂര്‍ത്തിയായ കിരാത മൂര്‍ത്തിയായും മൂന്ന് ഭാവങ്ങളിലാണ് മഹാദേവന്‍ ഇവിടെ കുടികൊള്ളുന്നത് എന്നാണ് വിശ്വാസം. ഭഗവാന്റെ മൂന്നു ഭാവങ്ങളിലും അനുഗ്രഹത്തിനായി നിരവധി ഭക്ത ജനങ്ങളാണ് നിത്യവും ക്ഷേത്രത്തില്‍ എത്തുന്നത്.
മഹാവിഷ്ണു , പാര്‍വ്വതീശന്‍, നാഗരാജാവ്, ശാസ്താവ്, ഗോപാല കൃഷ്ണന്‍, ശങ്കരന്‍, ശ്രീകണ്ഠന്‍, വടക്കുംനാഥന്‍, ഗണപതി, മൃത്യുഞ്ജയന്‍, സുബ്രഹ്മണ്യന്‍, കന്നിമൂല ഗണപതി ,അന്നപൂര്‍ണേശ്വരി, ബ്രഹ്മരക്ഷസ് എന്നിവയാണ് ക്ഷേത്രത്തിലെ ഉപപ്രതിഷ്ഠകള്‍. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപപ്രതിഷ്ഠകളുളള ക്ഷേത്രങ്ങളില്‍ ഒന്നാണ് കണ്ടിയൂര്‍ മഹാദേവ ക്ഷേത്രം.
ക്ഷേത്ര ഉല്‍പത്തിയെ കുറിച്ച് നിരവധി ഐതിഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഓടനാട് രാജാവിന്റെ തലസ്ഥാനമായിരുന്നു കണ്ടിയൂര്‍. ഓടനാട് രാജാവിനും മാടത്തുംകൂര്‍ രാജാവിനും ഈ ക്ഷേത്രത്തില്‍ തുല്യ അധികാരം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ രണ്ടു രാജ്യങ്ങള്‍ക്കും പൊതുവായി അവകാശപ്പെട്ട സ്ഥലമായിരുന്നു ഇത്. അതിനാല്‍ ക്ഷേത്ര നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലം രണ്ടു രാജാക്കന്‍മാരും നല്‍കിയിരുന്നു. കൂടാതെ നിത്യപൂജയ്ക്ക് ആവശ്യമുള്ള കൂടുതല്‍ ഭൂമി ഓടനാട് രാജാവ് നല്‍കി എന്നുമാണ് ചരിത്രം പറയുന്നത്. വടക്കുംനാഥ ക്ഷേത്രം എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. ധനു മാസത്തില്‍ പത്തു ദിവസം നീണ്ടു നല്‍ക്കുന്നതാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ശിവരാത്രിയിലും തിരുവാതിര ദിവസവം ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്താറുണ്ട്.
Post Your Comments