തിരുവനന്തപുരം: ദത്ത് വിഷയത്തിൽ അനുപമ ചന്ദ്രനും പങ്കാളി അജിത്തിനുമെതിരായ സൈബർ ആക്രമണങ്ങൾക്ക് യാതൊരു കുറവുമില്ല. അനുപമയെയും അജിത്തിനെയും മോശക്കാരാക്കിയും തേജോവധം ചെയ്തും ട്രോളുകളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ സഖാക്കൾ ആണെന്ന് അനുപമ ആരോപിച്ചിരുന്നു. ഇപ്പോഴിതാ, ‘പോരാട്ടങ്ങൾ അവസാനിക്കുന്നില്ല. അജിത്ത് ഭരണകൂടതയുടെ ഇരയാണ്, സർക്കാർ ജോലി നൽകണം. സർക്കാരിനോടും മുഖ്യമന്ത്രിയോടും അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകരുടെ നിവേദനം’ എന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്ററിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സാമൂഹിക പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര.
രാഷ്ട്രീയ അധാർമ്മികതയാണ് സി പി ഐ എം ചെയ്യുന്നതെന്ന് ശ്രീജ നെയ്യാറ്റിൻകര വ്യക്തമാക്കി. അജിത്തിനെതിരായ വ്യാജ പോസ്റ്റർ പങ്കുവെച്ചുകൊണ്ടായിരുന്നു ശ്രീജയുടെ പ്രതികരണം. അനുപമ ശിശു ക്ഷേമ സമിതിക്ക് മുന്നിൽ സമരം തുടങ്ങിയ സമയത്ത് സർക്കാരിനോടും മുഖ്യമന്ത്രിയോടും വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള മനുഷ്യരെ സംഘടിപ്പിച്ച് താൻ തയ്യാറാക്കിയ നിവേദനമാണ് സി പി ഐ എം സൈബർ പോരാളികൾ വ്യാജ പോസ്റ്റർ രൂപത്തിൽ മാറ്റിയതെന്ന് ശ്രീജ വ്യക്തമാക്കുന്നു.
ശ്രീജ നെയ്യാറ്റിന്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്:
രാഷ്ട്രീയ അധാർമ്മികതയാണ് സി പി ഐ എമ്മേ നിങ്ങൾ ചെയ്യുന്നത്. അനുപമ ശിശു ക്ഷേമ സമിതിക്ക് മുന്നിൽ സമരം തുടങ്ങി രണ്ടാമത്തെ ദിവസം അതായത് നവംബർ 12 ന് സർക്കാരിനോടും മുഖ്യമന്ത്രിയോടും അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള മനുഷ്യരെ സംഘടിപ്പിച്ച് ഞാൻ തയ്യാറാക്കിയ നിവേദനമാണ് സി പി ഐ എം സൈബർ പോരാളികൾ ഇവ്വിധത്തിൽ മാനിപുലേറ്റ് ചെയ്ത് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഗുരുതരമായ ഈ ക്രിമിനൽ ആക്ടിവിറ്റിയിലൂടെ സി പി ഐ എം ലക്ഷ്യം വയ്ക്കുന്നത് എന്താണ് എന്ന് വ്യക്തമാണ്. നുണ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാക്കിയ സംഘ് പരിവാറിനെ പോലും വെല്ലുന്ന തരത്തിൽ എന്തൊക്കെ പെരും നുണകളാണ് ഇക്കാലയളവിൽ സി പി ഐ എം സൈബറിടങ്ങളിൽ പ്രചരിപ്പിച്ചത് …. ഭരണകൂടത്തിന്റെ അറിവോടെ ഭരണഘടനാ സ്ഥാപനങ്ങൾ നടത്തിയ കുട്ടിക്കടത്ത് എന്ന അതിഗുരുതരമായ കുറ്റകൃത്യത്തെ ഇത്തരത്തിലുള്ള ആധികാരിക നുണ പ്രയോഗങ്ങളിലൂടെ മറച്ചു പിടിക്കാമെന്ന് സി പി ഐ എം കരുതരുത് …. സദാചാര പൊതുബോധത്തെ ഉണർത്തി വിട്ട് പാർട്ടി ഗുണ്ടകളായ റെജി ലൂക്കോസുമാരെ പണി ഏല്പിച്ച് കയ്യും കെട്ടി നോക്കി നിന്ന് വേട്ട ആസ്വദിക്കുന്ന സി പി ഐ എം തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത് എന്നോർത്താൽ നന്ന് …
Post Your Comments