സന്നിധാനം : ശബരിമല തീര്‍ത്ഥാടനത്തിൽ അയ്യപ്പസ്വാമി പോരിലൂടെ മഹിഷിയെ നിഗ്രഹിച്ചതിന്റെ ആഘോഷമാണ് പേട്ടതുള്ളല്‍. ഇത് തിന്മയ്ക്കു മേല്‍ നന്മ നേടിയ വിജയം വിളിച്ചോതുന്ന പുണ്യനൃത്തമാണ്. ശബരിമല തീര്‍ത്ഥാടനത്തിന്റെ അവസാനപാദത്തിലാണ് പേട്ടതുള്ളല്‍ നടത്തുന്നത്.
പാരമ്പര്യമനുസരിച്ച് ആദ്യം പേട്ടതുള്ളല്‍ നടത്തുന്നത് അമ്പലപ്പുഴ സംഘമാണ്. ആയിരത്തിലേറെ ഭക്തര്‍ ഉള്‍പ്പെടുന്ന സംഘം ഉച്ചയോടെ പേട്ട ജംഗ്ഷനിലെ കൊച്ചമ്പലത്തിനു മുകളില്‍ ആകാശത്ത് പരുന്ത് പറക്കുന്നത് കാണുന്നതോടെയാണ് പേട്ടതുള്ളല്‍ ആരംഭിക്കുന്നത്.
ഈ സംഘം അയ്യപ്പസ്വാമിയുടെ ഉപസേനാപതിയായ വാവര്‍ക്ക് പ്രണാമം അര്‍പ്പിക്കാന്‍ നയിനാര്‍ പള്ളിയിലേക്ക് പേകുന്നു. അവരെ എരുമേലി മഹല്‍ ജമാത്ത് കമ്മിറ്റി ഭാരവാഹികള്‍ സ്വീകരിച്ച് ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള ശ്രീധര്‍മ്മശാസ്താക്ഷേത്രം വരെ അനുഗമിക്കുന്നു. അവിടെ വച്ച് പേട്ടതുള്ളല്‍ സംഘത്തെയും ജമാത്ത് കമ്മറ്റി ഭാരവാഹികളെയും ദേവസ്വംബോര്‍ഡ് അധികാരികള്‍ സ്വീകരിക്കുന്നു.
ആലങ്കാട് സംഘത്തിന്റെ പേട്ടതുള്ളല്‍ ഉച്ചയ്ക്കുശേഷം പകല്‍ വെളിച്ചത്തില്‍ നക്ഷത്രം തെളിയുമ്പോഴാണ് ആരംഭിക്കുന്നത്. രണ്ടു സംഘവും രാത്രിയില്‍ വലിയമ്പലത്തു തങ്ങിയ ശേഷം പമ്പയിലെത്തി പമ്പസദ്യ കഴിച്ച് സന്നിധാനത്തെ മകരവിളക്ക് ഉത്സവത്തില്‍ പങ്കുചേരുന്നു.
Post Your Comments