ശ്രീനഗർ : ജമ്മു കശ്മീരിൽ സുരക്ഷാ സേന വധിച്ച ഭീകരൻ പാക് സൈന്യത്തിലെ മുൻ ഹവീൽദാർ. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ സുരക്ഷാ സേന വധിച്ചത് മുൻ പാക് സൈനികൻ ഹാജി ആരിഫ് മുഹമ്മദിനെയാണെന്ന് സ്ഥിരീകരിച്ചു. പാക് പട്ടാളത്തിൽ നിന്നും വിരമിച്ച ഇയാൾ പിന്നീട് ലഷ്‌കർ ഇത്വയ്ബയിൽ ചേർന്ന് ഭീകര സംഘടനയുടെ കമാൻഡർ ആകുകയായിരുന്നു.
പട്ടാളത്തിൽ സേവനം അനുഷ്ഠിക്കുമ്പോഴും ഹാജി ആരിഫ് മുഹമ്മദ് ഇന്ത്യയെ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്നുവെന്നാണ് സുരക്ഷാ സേന വ്യക്തമാക്കുന്നത്. 2018 ൽ നൗഷേര സെക്ടർ വഴി ആരിഫും ഇയാളുടെ നേതൃത്വത്തിലുള്ള എസ്എസ്ജി സംഘവും നുഴഞ്ഞുകയറാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചതോടെ പിൻവാങ്ങുകയായിരുന്നു.
മൃതദേഹം പരിശോധിച്ചപ്പോൾ ലഭിച്ച രേഖകളിൽ നിന്നാണ് പേരും മറ്റ് വിവരങ്ങളും കണ്ടെത്തിയത്. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. സൈന്യത്തിൽ ഉണ്ടായിരുന്നപ്പോൾ ഇയാളുടെ പക്കൽ ഉണ്ടായിരുന്ന ആയുധങ്ങളാണ് ഇതെന്നാണ് സൂചന. ആയുധങ്ങൾ വിശദപരിശോധനയ്‌ക്കായി അയച്ചിരിക്കുകയാണ്.
പട്ടാളത്തിൽ സേവനം അനുഷ്ഠിക്കുമ്പോഴും ഭീകരരുമായി ബന്ധം തുടർന്നിരുന്ന ഇയാൾ വിരമിച്ച ശേഷമായിരുന്നു സംഘടനയിൽ ചേർന്നത്. വിരമിച്ച ശേഷം സ്വന്തം വീടും ഭീകരർക്ക് സ്ഥലവും ഇയാൾ താമസിക്കാനും, പരിശീലന കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിനും നൽകി. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഭീകരാക്രമണങ്ങൾ നടത്താൻ ഇയാൾ ഐഎസ്‌ഐയിൽ നിന്നും കോടികൾ കൈപ്പറ്റിയിട്ടുണ്ടെന്നാണ് സുരക്ഷാ സേനയുടെ കണ്ടെത്തൽ.
Post Your Comments