തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പ്രണയിച്ച യുവാവുമായി മകളുടെ വിവാഹം നടത്തുന്നതില്‍ പ്രകോപിതനായ ഗൃഹനാഥന്‍ ഭാര്യയെയും മകളെയും മകനെയും വിവാഹത്തലേന്ന് വെട്ടിപ്പരിക്കേല്‍പിച്ചു. തലയ്‌ക്കേറ്റ പരിക്കുമായി കതിര്‍മണ്ഡപത്തിലെത്തിയ യുവതിയുടെ വിവാഹം നടന്നു. ഒളിവില്‍പ്പോയ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ആറാലുംമൂട് പൂജാ നഗര്‍ മണ്ണറത്തല വീട്ടില്‍ പ്രദീപ് ചന്ദ്രന്‍ (57) ആണ് ഭാര്യയെയും മക്കളെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഭാര്യ ശ്രീലത(47), മകള്‍ ലിജ(25), മകന്‍ ബെന്‍(20) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ലിജയുടെ വിവാഹം തന്റെ ഇഷ്ടമില്ലാതെ നടത്തുന്നതിലുള്ള ദേഷ്യവും മനോവിഷമവും കാരണമാണ് പ്രദീപ് ആക്രമണം നടത്തിയതെന്ന് നെയ്യാറ്റിന്‍കര പൊലീസ് പറഞ്ഞു.
ബെംഗളൂരുവിലെ സ്വകാര്യ കമ്പ്യുട്ടര്‍ കമ്പനിയിലെ ജീവനക്കാരിയാണ് ലിജ. ഒപ്പം ജോലി ചെയ്ത തൃശൂര്‍ സ്വദേശിയുമായി പ്രണയത്തിലായി. ഇവരുടെ വിവാഹം ബുധനാഴ്ച ബാലരാമപുരത്തെ കല്യാണ മണ്ഡപത്തില്‍വെച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. ഈ വിവാഹത്തോട് പ്രദീപിന് സമ്മതമില്ലായിരുന്നു. ഇതിനെ എതിര്‍ത്ത് വീട്ടില്‍ സംസാരിക്കുന്നതിനിടെയാണ് പ്രകോപിതനായി കത്തിയെടുത്ത് ഇയാള്‍ ആക്രമണം നടത്തിയത്.
Read Also: കാലാവധി നീട്ടി: ഡിജിപി അനില്‍കാന്തിന് സംസ്ഥാന പൊലീസ് മേധാവിയായി 2023 വരെ തുടരാം
കത്തികൊണ്ടുള്ള വെട്ടേറ്റ് ശ്രീലതയുടെ കൈയ്ക്കും മക്കളായ ലിജയുടെയും ബെന്നിന്റെയും തലയ്ക്കും പരിക്കേറ്റു. പരിക്കേറ്റ മൂവരും നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. പരിക്കേറ്റെങ്കിലും നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍തന്നെ ബുധനാഴ്ച രാവിലെ ലിജയും തൃശൂര്‍ സ്വദേശിയുമായുള്ള വിവാഹം നടന്നു.
Post Your Comments