ന്യൂഡല്‍ഹി: മ്യാൻമറിൽ നിന്നുള്ള 12 റോഹിങ്ക്യൻമാരും 217 പാകിസ്ഥാൻ പൗരന്മാരും സംസ്ഥാനത്ത് താമസിക്കുന്നുണ്ടെന്ന് കേരളം സുപ്രീം കോടതിയിൽ. സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനിടെ രേഖകളില്ലാതെ താമസിച്ചത് 70 ബംഗ്ലാദേശി പൗരന്മാർ ആണെന്നും ഇവരെ അറസ്റ്റ് ചെയ്ത്, അതിൽ 57 പേരെ നാടുകടത്തിയെന്നും കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. രേഖകളില്ലാതെ സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷമായി താമസിച്ച് വന്നിരുന്ന ബാക്കി 13 പേരുമായി ബന്ധപ്പെട്ട നടപടികൾ തീർപ്പുകൽപ്പിക്കാത്തതിനാൽ അവർ ഇപ്പോഴും സംസ്ഥാനത്ത് തുടരുകയാണെന്നും കേരളം അറിയിച്ചു.
Also Read:സ്കൂൾ ബസ് വിട്ടുപോയതിന്റെ മനോവിഷമത്തില്‍ 14-കാരി ജീവനൊടുക്കി
അനധികൃതമായി കേരളത്തില്‍ താമസിക്കുന്ന വിദേശികളെ കണ്ടെത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുണ്ടെന്നും ഐ.എസ് ബന്ധമുള്ള രോഹിങ്ക്യന്‍ അഭയാര്‍ഥികളോ അതിര്‍ത്തി കടന്നുള്ള ഭീഷണിയോ കേരളത്തിലില്ലെന്നും സംസ്ഥാനം കോടതിയില്‍ വ്യക്തമാക്കി. 1956ലെ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ട് പ്രകാരം അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാർക്കോ റോഹിങ്ക്യകൾക്കോ എതിരെ സംസ്ഥാനത്ത് ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കേരളം വ്യക്തമാക്കി.
മ്യാൻമറിൽ നിന്നുള്ള 12 റോഹിങ്ക്യൻമാരും 217 പാകിസ്ഥാൻ പൗരന്മാരും സംസ്ഥാനത്ത് താമസിക്കുന്നുണ്ടെന്ന് കേരളം അറിയിച്ചു. 107 പാക്ക് പൗരന്മാരുടെ ദീർഘകാല വിസയ്ക്കുള്ള അപേക്ഷകൾ എംഎച്ച്എയുടെ പരിഗണനയിലാണ്. ഇതിൽ ഒരു പാക്ക് പൗരൻ കോടതിയിൽ വിചാരണ നേരിടുന്നുവെന്നും കേരളം അറിയിച്ചു. ബംഗ്ലാദേശികളും രോഹിങ്ക്യകളും അടക്കം രാജ്യത്തെ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി നാടുകടത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹരജിയിലാണ് കേരളം സത്യവാങ്മൂലം നല്‍കിയത്.
Post Your Comments