കൊല്ലം : ജനകീയ ഹോട്ടലിലെ ഭക്ഷണത്തിനെതിരെ പരാതിയുമായി അഭിഭാഷകൻ. കൊല്ലം സിവിൽ സ്റ്റേഷന് സമീപത്തായി പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിലെ ഭക്ഷണത്തിനെതിരെയാണ് പരാതിയുമായി അഷ്ടമുടി ലാ ചേമ്പേഴ്‌സിലെ അഡ്വ.അരുൺ ഷിബു രംഗത്തെത്തിയിരിക്കുന്നത്. ഒരു ദിവസം കഴിച്ച ഭക്ഷണത്തിൽ നിന്നും പ്ലാസ്റ്റിക്കും മറ്റൊരു ദിവസം ഒച്ചിനേയും കിട്ടിയെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ഇദ്ദേഹം കോർപ്പറേഷൻ സെക്രട്ടറിക്കും, ജില്ല കളക്ടർക്കും, ഫുഡ് സേഫ്റ്റി കമ്മീഷണർക്കും പരാതി നൽകി.
ഈ മാസം മൂന്നിന് ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ സാമ്പാറിൽ നിന്ന് ഉരുകിയ പ്ലാസ്റ്റിക്ക് ലഭിച്ചിരുന്നു.19-ന് കഴിച്ച ഭക്ഷണത്തിനൊപ്പം കുടിച്ച വെള്ളത്തിൽ നിന്ന് ചത്ത ഒച്ചിനേയും കിട്ടിയെന്നാണ് പരാതി. സ്റ്റീൽ ജഗ്ഗിൽ ഇരുന്ന ഗ്ലാസിൽ പകർത്തി കുടിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെടുകയും, പാത്രത്തിലേക്ക് ഛർദ്ദിക്കുകയുമായിരുന്നു. ഇതിൽ ചത്ത ഒച്ച് ഉണ്ടായിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ പരാതി.
സ്റ്റീൽ ഗ്ലാസിന് പകരം പേപ്പർ ഗ്ലാസ് ആവശ്യപ്പെട്ടുവെങ്കിലും അത് ജീവനക്കാർ നൽകിയില്ലെന്നും, മോശം പെരുമാറ്റമാണ് അവരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും പരാതിക്കാരൻ ആരോപിക്കുന്നു. 20 രൂപയ്‌ക്ക് ഊണ് നൽകുന്നതിനാൽ അഹങ്കാരവും പുച്ഛവും നിറഞ്ഞ പെരുമാറ്റമാണ് നടത്തിപ്പുകാരിൽ നിന്ന് ജീവനക്കാരിൽ നിന്നും ഉള്ളതെന്നും ഇദ്ദേഹം പരാതിയിൽ പറയുന്നു.
Post Your Comments