ചെന്നൈ: മകനെ കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ടയാളെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്ന് 70കാരനായ പിതാവ്. തേനി ഉത്തമപാളയം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന കടലൂര്‍ സ്വദേശി മദനനാണു കൊല്ലപ്പെട്ടത്. കൂടല്ലൂരിനടുത്തുള്ള കുള്ളപ്പ ഗൗണ്ടന്‍പെട്ടി സ്വദേശി കരുണാനിധി, മക്കളായ സെല്‍വേന്ദ്രന്‍, കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് തേനി ഉത്തമപാളയത്ത് ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
കഴിഞ്ഞ വര്‍ഷം ഉത്തമപാളയത്ത് ഭൂമിവില്‍പന സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് കരുണാനിധിയുടെ മകൻ അഭിഭാഷകനായ രഞ്ജിത്ത് കുമാർ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രതിയായിരുന്നു മദനന്‍. ജയിലിലായിരുന്ന മദനന്‍ ഈയിടെയാണു പുറത്തിറങ്ങിയത്. ഇന്നലെ ഉച്ചയോടെ കോടതിയില്‍നിന്നു സ്വന്തം ഓഫിസിലേക്കു ബൈക്കില്‍ പോകുന്നതിനിടെ ഉത്തമപാളയം പഞ്ചായത്തു യൂണിയന്‍ ഓഫിസിനു സമീപത്തായിരുന്നു ആക്രമണം. മദനന്റെ ബൈക്കില്‍ കാറിടിപ്പിച്ചു വീഴ്ത്തിയതിനുശേഷം വെട്ടിക്കൊല്ലുകയായിരുന്നു. മരണം ഉറപ്പാക്കിയതിനുശേഷമാണു അക്രമി സംഘം മടങ്ങിയത്.
Read Also: നടിയെ അക്രമിച്ച കേസില്‍ സാക്ഷി വിസ്താരം ഇന്ന് : കാവ്യ മാധവന്‍ കോടതിയില്‍ ഹാജരാകും
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരെ അക്രമികള്‍ വടിവാള്‍ വീശി അകറ്റി നിര്‍ത്തിയതിനുശേഷമായിരുന്നു കൊലപാതകം. രക്ഷപ്പെട്ട അക്രമി സംഘത്തെ കിലോമീറ്ററുകള്‍ക്ക് അപ്പുറത്തു ജനക്കൂട്ടം തടഞ്ഞു പൊലീസിനു കൈമാറുകയായിരുന്നു. മകന്റെ മരണത്തിനു പ്രതികാരം വീട്ടാന്‍ കരുണാനിധിയും മക്കളും നടത്തിയ ആസൂത്രിത കൊലയാണു മദനന്റേതെന്ന് ഉത്തമപാളയം പൊലീസ് അറിയിച്ചു. കേസില്‍ 8 പേര്‍ കൂടി പിടിയിലാകാനുണ്ട്.
Post Your Comments