ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ വിവാദ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു സംസ്‌കരിച്ച രണ്ട്പേരുടെ മൃതദേഹങ്ങള്‍ പൊലീസ് പുറത്തെടുത്തു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നു പുറത്തെടുത്ത മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു കൈമാറുമെന്നും അന്തിമശുശ്രൂഷകള്‍ രാത്രിയില്‍ നടത്തുമെന്നും പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിനെക്കുറിച്ചു മജിസ്‌ട്രേറ്റ്തല അന്വേഷണം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ്, സംസ്‌കരിച്ച മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്.
തിങ്കളാഴ്ച ശ്രീനഗറിലെ ഹൈദര്‍പോറയില്‍ വാണിജ്യസമുച്ചയത്തില്‍ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനിലാണ് മുഹമ്മദ് അല്‍ത്താഫ് ഭട്ട്, ഡെന്റല്‍ സര്‍ജനായ മുദാസിര്‍ ഗുല്‍ എന്നിവര്‍ വെടിയേറ്റ് മരിച്ചത്. രക്ഷാസേന ഇവരെ വെടിവച്ചു കൊന്നതാണെന്നും മൃതദേഹങ്ങള്‍ കൈമാറാന്‍ വിസമ്മതിച്ചുവെന്നും ബന്ധുക്കള്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമായത്. ഭീകരരുടെ വെടിയേറ്റാണ് ഇവര്‍ മരിച്ചതെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്.
ഭീകരരും പൊലീസും തമ്മിലുള്ള വെടിവയ്പിനിടെ ഇവര്‍ക്കു വെടിയേല്‍ക്കുകയായിരുന്നുവെന്ന് പിന്നീട് പറഞ്ഞു. വാണിജ്യസമുച്ചയത്തിന്റെ ഉടമയായ മുഹമ്മദ് അല്‍ത്താഫ് ഭട്ട് ഭീകരരെ സഹായിച്ചിരുന്നയാളാണെന്ന് ആദ്യം പറഞ്ഞ പൊലീസ് പിന്നീടു തിരുത്തി. ഇതോടെ കടുത്ത വിമര്‍ശനങ്ങളുമായി പ്രമുഖ നേതാക്കള്‍ രംഗത്തെത്തി. കശ്മീര്‍ ഏതു നിലയിലേക്ക് എത്തിയിരിക്കുന്നുവെന്നതിന്റെ ഉദാഹരണമാണിതെന്ന് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല പറഞ്ഞു.
നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത ജനങ്ങള്‍ക്കായിരിക്കുകയാണ്. ഇത്തരത്തില്‍ നീതി നടപ്പാക്കാനാവില്ലെന്നും ഒമര്‍ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധം കടുപ്പിച്ചതോടെ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അഡീ. ജില്ലാ മജിസ്‌ട്രേറ്റ് ഖുര്‍ഷിദ് അഹമ്മദ് ഷാ സംഭവത്തെക്കുറിച്ച് അന്വേഷിക്കും.
Post Your Comments