ഇസ്ലാമാബാദ്: പാകിസ്ഥാൻ ജയിലിൽ തടവിൽ കഴിയുന്ന ഇന്ത്യക്കാരൻ കുൽഭൂഷൺ ജാദവിന് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ച ആനുകൂല്യം നൽകാനുള്ള നടപടി സ്വീകരിച്ച് പാക് പാർലമെന്റ്. കുൽഭൂഷണ് ശിക്ഷയ്ക്കെതിരായി അപ്പീൽ നൽകാനുള്ള അനുവാദം നൽകുന്ന ബിൽ പാകിസ്ഥാൻ പാർലമെന്റ് പാസ്സാക്കി.
പാകിസ്ഥാൻ നിയമകാര്യ മന്ത്രി ഡോക്ടർ മുഹമ്മദ് ഫറൂഖ് നസീമാണ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. ബിൽ പ്രകാരം പാകിസ്ഥാനിൽ തടവിൽ കഴിയുന്ന വിദേശ പൗരന് പാക് പട്ടാള കോടതിയുടെ വിധി രാജ്യത്തെ ഏത് ഹൈക്കോടതിയിലും സ്വമേധയായോ സ്വന്തം രാജ്യത്തെ നിയമ സഹായം വഴിയോ ചോദ്യം ചെയ്യാവുന്നതാണ്.
ഇറാനിൽ ബിസിനസ്സ് സംബന്ധമായ ആവശ്യത്തിന് പോയ മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിനെ 2016 മാർച്ചിലാണ് പാകിസ്ഥാൻ തട്ടിക്കൊണ്ട് പോകുന്നത്. തുടർന്ന് രാജ്യദ്രോഹ കുറ്റം ചുമത്തി പാക് കോടതി അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. കുൽഭൂഷൺ ജാദവ് ഇന്ത്യൻ ചാരനാണെന്നായിരുന്നു പാകിസ്ഥാന്റെ വാദം. ഇതിനെ ചോദ്യം ചെയ്ത് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്ത്യ നടത്തിയ നിയമ പോരട്ടങ്ങൾ വിജയം കണ്ടിരുന്നു.
Post Your Comments