കോയമ്പത്തൂർ: പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പളിനെ അറസ്റ്റു ചെയ്തു. ബംഗളൂരുവില്‍ വെച്ചാണ് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ മീര ജാക്‌സണെ പിടികൂടിയത്. പെണ്‍കുട്ടി മുമ്പ് പഠിച്ചിരുന്ന സ്‌കൂളിലെ അധ്യാപകന്‍ മിഥുന്‍ ചക്രവര്‍ത്തി സ്‌പെഷ്യല്‍ ക്ലാസിനെന്ന പേരില്‍ വിളിച്ചുവരുത്തി നിരന്തരം പീഡിപ്പിക്കുകയായിരുന്നു. നാലു മാസം മുമ്പ് അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനി സ്‌കൂള്‍ പ്രിന്‍സിപ്പാളിനോട് പരാതിപ്പെട്ടെങ്കിലും ഇവര്‍ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തുകയായിരുന്നു എന്ന് കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു.
തുടര്‍ന്ന് സ്‌കൂള്‍ മാറുന്നതിനായി ടി സി വാങ്ങാന്‍ എത്തിയ പെണ്‍കുട്ടിയേയും മാതാപിതാക്കളേയും സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിങിന് വിധേയരാക്കി. കഴിഞ്ഞ വ്യാഴായ്ചയാണ് കടുത്ത മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ അധ്യാപകന്റെ പേര് എഴുതിവെച്ചിരുന്നു. സംഭവത്തില്‍ അധ്യാപകന്‍ മിഥുന്‍ ചക്രവര്‍ത്തിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രിന്‍സിപ്പളിനെ അറസ്റ്റ് ചെയ്താല്‍ മാത്രമെ മകളുടെ മൃതദേഹം ഏറ്റുവാങ്ങു എന്ന നിലപാടിലായിരുന്നു പെണ്‍കുട്ടിയുടെ കുടുംബം. പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ന് ഉച്ചക്ക് 12 മണിക്ക് സംസ്‌കരിക്കും. സ്‌കൂള്‍ പ്രിന്‍സിപ്പളിനെ അറസ്റ്റ് ചെയ്തതോടെ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിവന്ന രാപ്പകല്‍ സമരം അവസാനിപ്പിച്ചു.
Post Your Comments