കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്ന് പേർ കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ. ഇവരെ പിന്തുടര്‍ന്ന ഓഡി കാര്‍ ഓടിച്ച വ്യവസായിക്ക് പങ്കെന്ന് സൂചന. ഇതിനൊപ്പം കാക്കനാട് സ്വദേശി സൈജു പൊലീസിന് കൊടുത്ത മൊഴികള്‍ കളവാണെന്ന് തെളിഞ്ഞു. വഴിയില്‍ ഇയാളുമായി സംസാരിച്ച ശേഷമാണ് യുവതികള്‍ അമിത വേഗതയില്‍ പോയതെന്ന് കണ്ടെത്തി. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടില്ല. ഡി.ജെ പാര്‍ട്ടി നടന്ന് ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉടമയുമായി സൈജുവിന് അടുത്ത ബന്ധമുണ്ടെന്നും സംശയിക്കുന്നു. സൈജുവിനെ ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്തു.
ഹോട്ടലില്‍ അര്‍ദ്ധരാത്രി വരെ നീണ്ട ആഘോഷം കഴിഞ്ഞാണ് നാലംഗസംഘം നീല ഫോര്‍ഡ് ഫിഗോ കാറില്‍ പുറപ്പെട്ടത്. സൈജു പിന്തുടര്‍ന്നു. കുണ്ടന്നൂരില്‍ കാര്‍ തടഞ്ഞ് അന്‍സിയയുടെ സംഘവുമായി സംസാരിച്ചു. തുടര്‍ന്ന് യുവതികളും കൂട്ടുകാരും അമിതവേഗത്തില്‍ പോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. സൈജു അപകട സ്ഥലത്തെത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനത്തിനു മുതിരാതെ ഇടപ്പള്ളിയിലേക്ക് പോയി. അപ്പോള്‍ ബൈക്ക് റോഡില്‍ കിടക്കുന്നത് കണ്ടെങ്കിലും കാര്‍ ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് ഇയാള്‍ പൊലീസനോട് പറഞ്ഞത്. മദ്യലഹരിയില്‍ യാത്ര വേണ്ടെന്ന് സുഹൃത്തുക്കളോട് പറയാനാണ് പിന്തുടര്‍ന്നതെന്നും കുണ്ടന്നൂരില്‍ നിന്ന് മടങ്ങിയെന്നുമാണ് മൊഴി. എന്നാല്‍ സൈജു സുഹൃത്തല്ലെന്നാണ് അറസ്റ്റിലായ അബ്ദുള്‍ റഹ്മാന്‍ പൊലീസനോട് വെളിപ്പെടുത്തിയത്. അബ്ദുള്‍ റഹ്മാന്റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും.
അതേസമയം അന്വേഷണം ഹോട്ടലിലേക്കും ഉടമയിലേക്കും നീങ്ങിയതോടെ സിറ്റി പൊലീസിന് തലപ്പത്തു നിന്ന് പിടിവീണ സ്ഥിതിയാണ്. മുന്‍ ഡി.ജി.പി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുബലം ഹോട്ടല്‍ ഉടമകള്‍ക്കുണ്ടെന്നാണ് സൂചന. അപകട ദിവസം തന്നെ ഹോട്ടലിലെ ക്ലബ് 18 എന്ന ഡാന്‍സ് ഹാളിലെ സി.സി.ടി.വി ഹാര്‍ഡ് ഡിസ്‌ക് ഊരി ദൃശ്യങ്ങള്‍ നശിപ്പിച്ചിരുന്നു. ഇത് വീണ്ടെടുക്കാന്‍ ഉടമ വയലാറ്റ് റോയ് ജോസഫിന്റെ ഇടക്കൊച്ചി കണ്ണങ്ങാട്ടുള്ള വീട് പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ഡിസ്‌ക് മാറ്റിയ ജീവനക്കാരന്റെയും ഏറ്റുവാങ്ങിയ ഉടമയുടെ ഡ്രൈവറുടെയും മൊഴിയെടുത്തെങ്കിലും തുടര്‍നടപടിയില്ല. ഡിസ്‌ക് റോഡിലെ ചവറുകൂനയില്‍ കളഞ്ഞെന്നാണ് ഡ്രൈവറുടെ മൊഴി.
Post Your Comments