KeralaLatest NewsNews

ഗര്‍ഭസ്ഥ ശിശുവിന്‍റെ മൃതദേഹം അമ്മ കണ്ടത് 21 മണിക്കൂർ: മെഡിക്കല്‍ കോളേജിനെതിരെ പരാതി

കുഞ്ഞിനെ പ്രസവ മുറിയുടെ പുറത്ത് ഏറെ അകലെ മാറ്റിയാണ് കിടത്തിയിരുന്നതെന്നാണ് ഗൈനക്കോളജി വിഭാഗത്തിന്‍റെ പ്രതികരണം.

കോട്ടയം: ഗര്‍ഭസ്ഥ ശിശുവിന്‍റെ മൃതദേഹം അമ്മയുടെ മുന്‍പിന്‍ നിന്ന് മാറ്റാന്‍ 21 മണിക്കൂറിലേറെ എടുത്തതായി ആക്ഷേപം. ഇതരസംസ്ഥാനത്തൊഴിലാളിയായ യുവതിക്കാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ദുരനുഭവം നേരിടേണ്ടി വന്നത്. ഇടുക്കി അടിമാലിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ അഫ്സാന ചൊവ്വാഴ്ചയാണ് പ്രസവവേദനയേ തുടര്‍ന്ന് അടിമാലിയിലെ ആശുപത്രിയിലെത്തിയത്. ഇവിടെ നിന്നാണ് യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത്. എന്നാല്‍ അഫ്സാന കോട്ടയത്തേക്കുള്ള യാത്രയില്‍ ആംബുലന്‍സില്‍ പ്രസവിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തുമ്പോള്‍ അഫ്സാനയുടെ കുഞ്ഞിന് ജീവനില്ലായിരുന്നു. മെഡിക്കല്‍ കോളേജിലെ പരിശോധനയില്‍ യുവതി കൊവിഡ് പോസിറ്റീവാണെന്ന് മനസിലായി. ഇതോടെ യുവതിയെ കൊവിഡ് വാർഡിലേക്കു മാറ്റി. കുഞ്ഞിന്‍റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് വാര്‍ഡിന് പുറത്ത് കിടത്തി. ഇത് യുവതിക്ക് കാണാന്‍ പറ്റുന്ന പോലെയായിരുന്നുവെന്നാണ് പരാതി. കുഞ്ഞ് മരിച്ചുപോയതിന്‍റെ വിഷമത്തിനൊപ്പം മൃതദേഹം കണ്ടുകൊണ്ടിരിക്കേണ്ടി വരികയും ചെയ്ത അവസ്ഥയിലായി യുവതി. മുഖം മറയ്ക്കാതെ കിടത്തിയ കുഞ്ഞിന്‍റെ മൃതദേഹം മാറ്റാമോയെന്ന യുവതിയുടെ അപേക്ഷ ആശുപത്രി ജീവനക്കാര്‍ ശ്രദ്ധിച്ചില്ലെന്നും ആരോപണമുണ്ട്.

Read Also: ആര്‍.എസ്.എസിന്‍റെ ഹിന്ദുരാഷ്ട്രവാദം ബി.ജെ.പി മാനിഫെസ്റ്റോയില്‍ ഇല്ല: മതേതരത്വം ഇന്ത്യയുടെ ആത്മാവാണെന്ന് കത്തോലിക്ക ബാവ

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കുഞ്ഞിന്‍റെ മൃതദേഹം വാര്‍ഡിന് മുന്നിലെ സ്ട്രെക്ചറില്‍ നിന്ന് മാറ്റിയത്. നഴ്സിനോട് മൃതദേഹം മാറ്റാമോയെന്ന് ആവശ്യപ്പെട്ടപ്പോള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ മാറ്റുമെന്നുമാണ് മറുപടി ലഭിച്ചതെന്നും യുവതി പറയുന്നു. പിന്നീട് കുഞ്ഞിന്റെ മൃതദേഹം എന്തു ചെയ്തുവെന്നും പറഞ്ഞിട്ടില്ലെന്നും യുവതി ആരോപിക്കുന്നു. വിവരം പരാതിപ്പെട്ടതിന് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്നും അഫ്സാന ആരോപിക്കുന്നു. കുഞ്ഞിനെ പ്രസവ മുറിയുടെ പുറത്ത് ഏറെ അകലെ മാറ്റിയാണ് കിടത്തിയിരുന്നതെന്നാണ് ഗൈനക്കോളജി വിഭാഗത്തിന്‍റെ പ്രതികരണം. അസം സ്വദേശിയായ അംജദ് ഹുസൈനാണ് അഫ്സാനയുടെ ഭർത്താവ്. ഇവര്‍ക്ക് 6 വയസ്സുള്ള കുട്ടിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button