മദൂര്: കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന രണ്ട് മുതിര്‍ന്ന നേതാക്കൾ കർണാടകയിൽ പൊലീസ് പിടിയിൽ. പശ്ചിമഘട്ട സോണൽ സെക്രട്ടറി ബി.ജി.കൃഷ്ണമൂര്‍ത്തി, സാവിത്രി എന്നിവരാണ് കേരള പൊലീസിന്റെ പിടിയിലായത്. കര്‍ണാടകയിലെ മദൂരിൽ നിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
കേരളത്തിലെ മാവോയിസ്റ്റ് സംഘടനയുടെ തലവനെന്ന് പൊലീസ് കരുതുന്നയാളാണ് കര്‍ണാടക സ്വദേശിയായ ബി.ജി. കൃഷ്ണമൂര്‍ത്തി. നിലവില്‍ സംഘടനയുടെ കേന്ദ്ര കമ്മറ്റി അംഗവും പശ്ചിമഘട്ട സോണല്‍ സെക്രട്ടറിയുമാണ്. കേരള പൊലീസ് ഭീകരവിരുദ്ധ സ്ക്വാഡാണ് കര്‍ണാടകയിലെ മദൂരിൽ നിന്ന് കൃഷ്ണമൂര്‍ത്തിയെയും മറ്റൊരു നേതാവായ സാവിത്രിയെയും പിടികൂടിയത്. ഇരുവരും കേരളം -തമിഴ്നാട്-കർണാടക എന്നി സംസ്ഥാനങ്ങളിലെ ഒട്ടേറെ കേസുകളിൽ പ്രതികളാണ്. രണ്ട് ദിവസം മുൻപ് കണ്ണൂരിൽ പിടിയിലായ ഗൗതം എന്ന രാഘവേന്ദ്രയില്‍ നിന്നാണ് പൊലീസിന് കൃഷ്ണമൂര്‍ത്തിയെക്കുറിച്ചുള്ള വിവരങ്ങൾ കിട്ടിയതെന്നാണ് സൂചന.
Read Also: കൊടും ക്രൂരതയുമായി താലിബാൻ, യുവാവിനെ ക്രൂരമായി മർദിച്ചതിന് ശേഷം വെടിവെച്ചു കൊന്നു: വീഡിയോ
കേരള- കര്‍ണാടക അതിര്‍ത്തി മേഖലകളില്‍ കൃഷ്ണമൂര്‍ത്തിക്കായി വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. കേന്ദ്രകമ്മറ്റി അംഗമായിരുന്ന കുപ്പുദേവരാജ് നിലമ്പൂര്‍ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്തിന് പിന്നാലെയാണ് ബി.ജി. കൃഷ്ണമൂര്‍ത്തി സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട സോണല്‍കമ്മറ്റിയുടെയും കബനി- നാടുകാണി ദളങ്ങളുടെയും നേതൃത്വം ഏറ്റെടുത്തത്. വയനാടിന്‍റെ അതിര്‍ത്തി മേഖലകള്‍ കേന്ദ്രീകരിച്ചാണ് കൃഷ്ണമൂർത്തി സംഘടനയെ നിയന്ത്രിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പിടിയിലായ മാവോയിസ്റ്റുകൾ എവിടെയാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. വയനാട് ജില്ലയിലെ പലയിടങ്ങളിലും ഇവരുടെ കൂട്ടാളികൾക്കായി പൊലീസ് തിരച്ചിൽ നടത്തുന്നതായാണ് വിവരം.
Post Your Comments