എറണാകുളം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എറണാകുളം ഷേണായിസ് തീയേറ്ററിന് മുന്നില്‍ പ്രതിഷേധ സമരം നടത്തിയത് അവസാനം കോമഡിയായി. നടൻ ജോജു ജോര്‍ജ് ചിത്രം ‘സ്റ്റാര്‍’ പ്രദര്‍ശനം അവസാനിപ്പിച്ചത് അറിയാതെ ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് തീയേറ്ററിന് മുന്നിലേക്ക് പ്രതിഷേധം നടത്തിയത്. എന്നാല്‍ അമളി മനസിലായതോടെ സ്റ്റാര്‍ സിനിമയുടെ പോസ്റ്റര്‍ തിയേറ്ററിന് മുന്നിലുണ്ട്. അത് മാറ്റണമെന്നായി യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം.
ജോജുവിന്റെ ചിത്രമുള്ള റീത്ത് വച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ജോജുവിന്റെ വാഹനം തകര്‍ത്ത കേസില്‍ നേതാക്കള്‍ ജയിലിലായതോടെയാണ് താരത്തിനെതിരെ കൊലവിളി പരാമര്‍ശങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് എത്തിയത്. ‘ചുണയുണ്ടെങ്കില്‍ പോരിന് വാടാ, അന്ന് നിനക്കും പേപ്പട്ടിക്കും ഒരേ വിധിയാണെന്ന് ഓര്‍ത്തോളു. നിന്റെ നാളുകള്‍ എണ്ണപ്പെട്ടു’. തുടങ്ങിയ പരാമര്‍ശങ്ങളാണ് ജോജുവിന് നേരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയത്. ജോജുവിനൊപ്പം ബി ഉണ്ണികൃഷ്ണന് നേരെയും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വെല്ലുവിളി പരാമര്‍ശങ്ങള്‍ നടത്തി.
അതേസമയം, ഇന്നലെ വൈകുന്നേരമാണ് ടോണിയും സംഘവും മരട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ജോജുവിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് കീഴടങ്ങും മുന്‍പ് ടോണി നടത്തിയത്. ‘ജോജു സമരത്തെ അലങ്കോലപ്പെടുത്താനാണ് ശ്രമിച്ചത്. കോണ്‍ഗ്രസിന്റെ സമരമാണെന്ന് അറിഞ്ഞതോടെയാണ് ജോജു പ്രതികരിച്ചത്. സിപിഐഎം ഓശാരം വാങ്ങിയാണോ ജോജു പ്രവര്‍ത്തിച്ചത്. അദ്ദേഹം സിപിഐഎമ്മിന്റെ ചട്ടുകമായി മാറി. ജോജുവിനെ സിപിഐഎം കരുവാക്കുകയായിരുന്നു. അതില്‍ ഖേദമുണ്ട്. കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമമുണ്ടായിരുന്നു. എന്നാല്‍ സിപിഐഎം നേതാക്കള്‍ അത് അട്ടിമറിക്കുകയായിരുന്നു. ബി ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയം എന്താണെന്ന് വ്യക്തമായി അറിയാം. ഉണ്ണികൃഷ്ണന്‍ സിപിഐഎം കുഴലൂത്തുകാരനായി മാറി. ‘ ടോണി പറഞ്ഞു.
കഴിഞ്ഞ ആഴ്ച ഇന്ധന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് എറണാകുളത്ത് റോഡ് ഉപരോധിച്ചുള്ള സമരത്തിനിടെയായിരുന്നു സംഭവം അരങ്ങേറിയത്. സമരത്തെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജോജു ജോര്‍ജ് രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടന്റെ വാഹനത്തിന്റെ ചില്ല് അടിച്ച് തകര്‍ക്കുകയായിരുന്നു.
Post Your Comments