തളിപ്പറമ്പ്: മുക്കുപണ്ടം പണയംവെച്ച് 50 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. പുളിമ്പറമ്പ സ്വദേശി കെ. ജയപ്രസാദ് (50), ഏഴാംമൈൽ സ്വദേശി സി. വേണുഗോപാലൻ (74) എന്നിവരാണ് പൊലീസ് പിടിയിലായത്. എസ്.ഐ പി.സി. സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. പഞ്ചാബ് നാഷണൽ ബാങ്ക് തളിപ്പറമ്പ് ശാഖയിലാണ് പ്രതികൾ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയത്.
ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഒമ്പതായി. മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ 17 പ്രതികളുള്ള കേസിൽ നേരിട്ട് പങ്കുള്ള രണ്ടു പേരെയാണ് തിങ്കളാഴ്ച ഉച്ചയോടെ പൊലീസ് പിടികൂടിയത്. 31 അക്കൗണ്ടുകളിൽ നിന്ന് 50 ലക്ഷത്തോളം രൂപയാണ് ബാങ്കിൽ നിന്നും നഷ്ടപ്പെട്ടത്.
Read Also: മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കരുതുന്ന രണ്ടു പേരുടെ മുൻകൂർ ജാമ്യപേക്ഷ അടുത്ത ദിവസം ഹൈകോടതി പരിഗണിക്കും. ഹൈകോടതിയിൽ മുൻകൂർ ജാമ്യപേക്ഷ തള്ളിയതിനെതുടർന്ന് പുളിമ്പറമ്പ് സ്വദേശി എം.എസ്. കുഞ്ഞുമോൻ, കീഴാറ്റൂർ സ്വദേശി എം. ലക്ഷ്മണൻ, തൃച്ഛംബരം സ്വദേശി അബു ഹുദിഫ എന്നിവർ നേരത്തേ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും തളിപ്പറമ്പ് സ്വദേശികളായ കെ.പി. വസന്തരാജ്, വി.വി. രാജേന്ദ്രന്, കൊറ്റിയാൽ മോഹനൻ, വി.വി. മുരളീധരൻ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
എസ്.ഐ പി.സി. സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments