ഹൈദരാബാദ്: രാജ്യത്തെ വലിയൊരു വിഭാഗം ആളുകളും ഡിജിറ്റല്‍ പേയ്മെന്‍റിലേക്ക് തിരിഞ്ഞെന്ന് സൂചിപ്പിക്കുന്ന വീഡിയോയുമായി ആനന്ദ് മഹീന്ദ്ര. യുപിഐ പേയ്മെന്‍റിലൂടെ പണം സ്വീകരിക്കുന്ന തെരുവുകലാകാരന്‍റെ വീഡിയോയാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിട്ടുള്ളത്. അലങ്കരിച്ച കാളയുടെ നെറ്റിയിലാണ് ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യാനുള്ള പേപ്പര്‍ തൂക്കിയിട്ടുള്ളത്. കുഴലൂതി കാളയ്ക്കൊപ്പം നിക്കുന്ന തെരുവുകലാകാരനേയും വീഡിയോയില്‍ കാണാന്‍ സാധിക്കും. തെരുവുകലാകാരന് ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് പണം കൈമാറുന്ന ആളെയും വീഡിയോയില്‍ കാണാന്‍ കഴിയും.
ആന്ധ്രപ്രദേശില്‍ നിന്നുള്ളതാണ് ദൃശ്യങ്ങളെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗോത്രവിഭാഗമായ ഗംഗിറെഡ്ഡുലുവിലുള്ള ആളുകളാണ് ഈ തെരുവുകലാകാരനെന്നും ദേശീയമാധ്യമങ്ങള്‍ വിശദമാക്കുന്നു. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് ഈ ഗോത്രവിഭാഗമുള്ളതെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.രാജ്യത്ത് എവിടെയും തടസമോ ബുദ്ധിമുട്ടോ കൂടാതെ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ ധനകൈമാറ്റം നടക്കുമെന്ന സൂചനയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ വീഡിയോയിലൂടെ വിശദമാക്കുന്നുണ്ട്. ട്വീറ്റിന് അനുകൂലവും പ്രതികൂലവുമായി നിരവധിപ്പേരാണ് പ്രതികരിക്കുന്നത്. രാജ്യത്ത് വികസനമെത്തേണ്ട വിവിധ മേഖലകളും മറുപടികളില്‍ ചിലര്‍ ആനന്ദ് മഹീന്ദ്രയെ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Post Your Comments