Latest NewsIndia

‘കൊറോണ പേടിച്ചു വീട്ടിലിരുന്നില്ലേ?’ അഖിലേഷിന്റെ ഉരുക്കുകോട്ടയില്‍ 550 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളുമായി യോഗി

ജനങ്ങള്‍ക്ക് ആവശ്യമുള്ള പ്രതിസന്ധി സമയത്ത് ഒരു നേതാക്കളേയും കണ്ടില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് സമയമായപ്പോഴേയ്‌ക്കും പല വാഗ്ദാനങ്ങളും നല്‍കി എത്തുകയാണെന്ന് യോഗി

ലക്‌നൗ: പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്.
കൊറോണ സമയത്ത് പേടിച്ച്‌ വീട്ടിനുള്ളില്‍ ഇരുന്ന നേതാക്കളാരും തന്നെ തെരഞ്ഞെടുപ്പ് സമയത്ത് പുറത്തിറങ്ങേണ്ട. വീട്ടിനുള്ളില്‍ തന്നെ ഇരുന്നാല്‍ മതിയെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ജനങ്ങള്‍ക്ക് ആവശ്യമുള്ള പ്രതിസന്ധി സമയത്ത് ഒരു നേതാക്കളേയും കണ്ടില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് സമയമായപ്പോഴേയ്‌ക്കും പല വാഗ്ദാനങ്ങളും നല്‍കി എത്തുകയാണെന്ന് യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.

കൊറോണ അതിന്റെ ഉച്ചസ്ഥായിയില്‍ നിന്നപ്പോഴും താനിവിടെ പലപ്രാവശ്യം എത്തിയിട്ടുള്ളത് ജനങ്ങളെല്ലാവരും കണ്ടതാണ്. ജനങ്ങളുടെ ദുഃഖത്തില്‍ കൂടെയുണ്ടാകാന്‍ കഴിയാത്ത ജനസേവകര്‍ക്ക് ഒരിക്കലും നിങ്ങളുടെ ദുരിതങ്ങളെ കാണാന്‍ കഴിയില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയ്‌ക്കിടെയാണ് യോഗി ആദിത്യ നാഥിന്റെ വിമര്‍ശനം. അഖിലേഷ് യാദവിന്റെ സ്വന്തം ജില്ലയാണ് ഇറ്റാവ. അവിടുത്തെ സെന്‍ട്രല്‍ ജയിലില്‍ നടപ്പാക്കുന്നത് അടക്കമുളള വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. 550 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ പൂര്‍ത്തിയായിരിക്കുന്നത്.

സമാജ്‌വാദി പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായാണ് ഇറ്റാവയെ കണക്കാക്കപ്പെടുന്നത്. അവിടെയെത്തിയാണ് യോഗി ആദിത്യനാഥിന്റെ വിമര്‍ശനം. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഇറ്റാവയില്‍ മാത്രം 12,500ത്തില്‍ അധികം കുടുംബാംഗങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച്‌ നല്‍കിയതായും യോഗി ആദിത്യ നാഥ് കൂട്ടിച്ചേര്‍ത്തു. പദ്ധതി പ്രകാരം ജില്ലയിലെ നഗരപ്രദേശങ്ങളില്‍ അയ്യായിരത്തോളം കുടുംബങ്ങള്‍ക്ക് ഓരോ വീട് വീതം നിര്‍മ്മിച്ച്‌ നല്‍കിയിട്ടുണ്ട്.

ഇവിടെ 700ഓളം ക്ഷേത്രങ്ങള്‍ പുനരുജ്ജീവിപ്പിച്ചെന്നും യോഗി കൂട്ടിച്ചേര്‍ത്തു. നിരവധി പേരാണ് യോഗിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തത്. നേരത്തെ ആളുകള്‍ പോകാന്‍ ഭയപ്പെട്ടിരുന്ന അയോദ്ധ്യ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ പൈതൃക കേന്ദ്രമായി മാറിയിരിക്കുകയാണ്. അയോദ്ധ്യയിലെ ദിപോത്സവത്തില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. ഇതുതന്നെ ബിജെപിയുടെ ജനസേവനത്തെയാണ് സൂചിപ്പിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button