ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ചൈനീസ് കടന്നുകയറ്റം സ്ഥിരീകരിച്ച് സംസ്ഥാന സർക്കാർ. ചൈന ഗ്രാമം ഉണ്ടാക്കിയെന്ന് അമേരിക്കയുടെ റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. ഇത് സ്ഥിരീകരിക്കുകയാണ് അരുണാചൽ സർക്കാർ. ചൈന ഗ്രാമം ഉണ്ടാക്കിയെന്നും ഇപ്പോഴത് സൈനിക ക്യാമ്പായി ഉപയോഗിക്കുകയാണെന്നുമാണ് സ്ഥിരീകരണം.
ഇന്ത്യൻ അതിർത്തിയിൽ ചൈനീസ് സേന തന്ത്രപരമായ നീക്കങ്ങളും നിർമ്മാണങ്ങളും തുടരുന്നതായി അമേരിക്കയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വന്നത്. അരുണാചൽ പ്രദേശിൽ തർക്കസ്ഥലത്ത് ചൈനീസ് സേന ഒരു ഗ്രാമം തന്നെ പണിതെന്നാണ് പെൻ്റഗൺ വാർഷിക റിപ്പോർട്ടിൽ പറയുന്നത്.
തർക്കസ്ഥലത്ത് നൂറു വീടുകളുള്ള ഒരു ഗ്രാമമാണ് ചൈന നിർമ്മിച്ചിരിക്കുന്നത്. ഇത് ഈ പ്രദേശം കൈയ്യടക്കാനുള്ള നീക്കമാണെന്ന് പെൻറഗൺ പറയുന്നു. ഇന്ത്യയും ചൈനയും വൻ സൈനിക സന്നാഹം യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് ഇരുവശത്തും തുടരുന്നതിലെ ആശങ്കയും റിപ്പോർട്ട് പ്രകടിപ്പിക്കുന്നു. അതിർത്തിയിലെ തർക്കം ചർച്ച ചെയ്യാൻ കഴിഞ്ഞ മാസം ചേർന്ന കമാൻഡർതല ചർച്ച വിജയിച്ചിരുന്നില്ല. ചൈന പിൻമാറ്റത്തിന് തയ്യാറാവാത്തതാണ് ചർച്ച പരാജയപ്പെടാൻ കാരണം. നയതന്ത്രതലത്തിലെ നീക്കങ്ങളും ഇപ്പോൾ വഴിമുട്ടി നിൽക്കുകയാണ്.
50,000ത്തോളം സൈനികരെയാണ് ഇന്ത്യയും യഥാർത്ഥ നിയന്ത്രണരേഖയിൽ വിന്യസിച്ചിരിക്കുന്നത്. യഥാർത്ഥ നിയന്ത്രണ രേഖയിലെ ഇന്ത്യ ചൈന സൈനിക വിന്യാസം ഈ ശൈത്യകാലത്തും തുടരും എന്ന് ഉറപ്പാകുകയാണ്.
Post Your Comments