എടത്വാ: സ്‌കൂളിൽനിന്നു മടങ്ങവേ അഞ്ചു പേർ ചേർന്നു പീഡിപ്പിച്ചെന്ന് പ്ലസ്ടു വിദ്യാർഥിനിയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തൽ. പെൺകുട്ടിക്ക് സ്‌കൂളിൽ പോകാനുള്ള മടികാരണം കള്ളം പറഞ്ഞതാണെന്നു സൂചന. പെൺകുട്ടിയുടെ മൊഴിയിലെ വൈരുധ്യം തുടക്കത്തിൽ തന്നെ പോലീസ് തിരിച്ചറിഞ്ഞു. കുട്ടി പറഞ്ഞ ആളുകളെ ചോദ്യം ചെയ്തപ്പോൾ സംഭവ സമയത്ത് ഇവർ സ്ഥലത്തില്ലായിരുന്നു എന്ന വിവരവും ലഭിച്ചു. വൈദ്യ പരിശോധനയിലും പീഡനം നടന്നതിന്റെ തെളിവു ലഭിച്ചില്ല.
നിരന്തരമായ സ്മാർട്ട് ഫോൺ ഉപയോഗത്തിലൂടെ പെൺകുട്ടി മൊബൈൽ ഗെയ്‌മുകൾക്ക് അടിമയായിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. ക്ലാസ് തുടങ്ങുന്ന വാർത്ത അറിഞ്ഞപ്പോൾ തന്നെ ഇനി സ്‌കൂളിൽ പോകുന്നില്ലെന്നു കുട്ടി വീട്ടിൽ പറഞ്ഞു. എന്നാൽ, മൊബൈൽ തിരികെ നൽകി സ്‌കൂളിലേക്കു പോകണമെന്നു വീട്ടുകാർ ആവശ്യപ്പെടുകയായിരുന്നു..രണ്ടുവർഷമായി കുട്ടിയുടെ കൈയിൽ എപ്പോഴും മൊബൈൽ ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കുമ്പോഴും കിടക്കുമ്പോഴുമെല്ലാം മൊബൈൽ ഒപ്പം കാണും. സ്‌കൂൾ തുറന്നതോടെ മൊബൈൽ കൈയിൽനിന്നു പോകുമെന്ന ചിന്ത കുട്ടിയെ അലട്ടിയിരുന്നെന്നാണു കരുതുന്നത്.
ഇതു വലിയ മാനസിക ആഘാതത്തിനു കാരണമായിട്ടുണ്ടാകാം. ഇതിന്റെ ഫലമായി പീഡനകഥ കുട്ടി മെനഞ്ഞതെന്നാണു കരുതുന്നത്. സ്കൂൾ തുറന്ന ദിവസം വീട്ടിലേക്കു മടങ്ങവേ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്നായിരുന്നു രക്ഷാകർത്താക്കളോടു പറഞ്ഞത്. വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവസ്ഥലം പരിശോധിച്ച പോലീസ് സി.സി. ടി.വി. ദൃശ്യം ശേഖരിക്കുകയും പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പരാതി ആരുടെയെങ്കിലും പ്രേരണയാൽ നൽകിയതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Post Your Comments