മുംബൈ : ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസിന്റെ അന്വേഷണ ചുമതലയിൽ നിന്നും സോണൽ ഡയറക്ടർ സമീർ വാങ്കഡെയെ നീക്കിയെന്ന വാർത്തകൾ തള്ളി എൻസിബി. പ്രചരിക്കുന്നവാർത്തകൾ അടിസ്ഥാന രഹിതമാണെന്നും, ഒരു ഓഫീസറെയും അന്വേഷണ ചുമതലയിൽ നിന്നും നീക്കിയിട്ടില്ലെന്നും എൻസിബി അറിയിച്ചു. എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞജയ് കുമാർ സിംഗാണ് ഇക്കാര്യം വ്യക്തമാക്കി പ്രസ്താവന പുറപ്പെടുവിച്ചത്.
സമീർ വാങ്കഡെയെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റിയിട്ടില്ലെന്നും, പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയാണ് ചെയ്തതെന്നുമാണ് എൻസിബി അറിയിക്കുന്നത്. ഡൽഹി യൂണിറ്റിലെ ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് പ്രത്യേക സംഘം രൂപീകരിച്ചിരിക്കുന്നത്. മുംബൈ യൂണിറ്റിൽ നിന്നും ആറ് കേസുകൾ പ്രത്യേക സംഘത്തിന് കൈമാറിയെന്നും എൻസിബി അറിയിച്ചു.
ദേശീയ, അന്തർദേശീയ ബന്ധങ്ങൾ ഉള്ളതിനാലാണ് ആറ് കേസുകൾ പ്രത്യേകം സംഘം രൂപീകരിച്ച് അന്വേഷിക്കുന്നത്. ഒരു ഓഫീസറെയും അന്വേഷണ ചുമതലയിൽ നിന്നും നീക്കിയിട്ടില്ലെന്നും എൻസിബി വ്യക്തമാക്കി. കേസ് അന്വേഷണത്തിൽ നിന്നും നീക്കിയിട്ടില്ലെന്ന് സമീർ വാങ്കഡെയും അറിയിച്ചു. കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്ന കേസിൽ കോടതിയിൽ താൻ റിറ്റ് പെറ്റീഷൻ നൽകിയിട്ടുണ്ട്. അതിനാലാണ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നതെന്നും വാങ്കഡെ വ്യക്തമാക്കി.
Post Your Comments