Latest NewsIndiaNews

കാണാതായ യുവാവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്

പൂനെ: കാണാതായ യുവാവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. ചെരുപ്പുപയോഗിച്ച് കൊലപാതകിയെ കണ്ടുപിടിക്കുകയും ചെയ്തു. പൂനെയിലാണ് സംഭവം. ഒക്ടോബര്‍ പകുതിയോടെ കാണാതായ 27കാരന്റെ കൊലപാതകമാണ് ഏക തെളിവായി ലഭിച്ച ചെരുപ്പ് മാത്രം ഉപയോഗിച്ച് പോലീസ് കണ്ടുപിടിച്ചത്. കൊല്ലപ്പെട്ട യുവാവുമായി ബന്ധമുണ്ടായിരുന്ന സ്ത്രീയുടെ ഭര്‍ത്താവായിരുന്നു കൊലപാതകത്തിന് പിന്നില്‍. സംഭവത്തില്‍ മുഖ്യപ്രതിയടക്കം മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലപ്പെട്ട യുവാവിന്റെ ചെരുപ്പ് ഒരു വീടിന്റെ മുന്‍വശത്ത് കണ്ടതാണ് പോലീസിനെ കേസ് തെളിയിക്കാന്‍ സഹായിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസിന്റെ അന്വേഷണം മുഖ്യ പ്രതിയിലേക്ക് എത്തിയത്. ബവ്ധാന്‍ എന്ന ഗ്രാമത്തിലാണ് യുവാവ് താമസിച്ചിരുന്നത്. ഇയാളെ കാണാനില്ലെന്ന് കാണിച്ച് ഒക്ടോബര്‍ 22 നാണ് യുവാവിന്റെ അമ്മ പോലീസില്‍ പരാതി നല്‍കിയത്. പരാതിയിന്മേല്‍ തട്ടിക്കൊണ്ടു പോകല്‍, കൊലപാതകം, ഒളിച്ചോടല്‍ തുടങ്ങി പല സാധ്യതകളും പോലീസ് പരിശോധിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഒരു വീടിന്റെ മുന്നില്‍ കൊല്ലപ്പെട്ട യുവാവിന്റെ ചെരുപ്പ് കണ്ടെത്തിയത്.

ഇതോടെ പോലീസ് ഇവിടം കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. കാണാതായ യുവാവിന് മറ്റൊരാളുടെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. ഈ സ്ത്രീയുടെ ഭര്‍ത്താവിന്റെ വീടിന് മുന്നില്‍ നിന്നാണ് ചെരിപ്പ് കണ്ടെത്തിയത്. ഒക്ടോബര്‍ 21 ന് രാത്രി കൊല്ലപ്പെട്ട യുവാവിന്റെ ഫോണില്‍ നിന്നുള്ള രണ്ട് മിസ്ഡ് കോളുകള്‍ പ്രതിയുടെ ഭാര്യയുടെ ഫോണില്‍ വന്നിരുന്നു. പ്രധാന പ്രതിയുടെ ശ്രദ്ധയില്‍ ഇത് വന്നതോടെയാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട യുവാവ് അന്ന് രാത്രി പ്രതിയുടെ ഭാര്യയെ കാണാന്‍ എത്തിയിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെടുകയായിരുന്നു. പ്രതിയും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തുകയും, മൃതദേഹം കത്തിച്ച് പുഴയില്‍ ഒഴുക്കുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button