Latest NewsIndia

മസ്ജിദ് ആക്രമണത്തിൽ വർഗീയ സന്ദേശം പ്രചരിപ്പിച്ചു: സുപ്രീംകോടതി അഭിഭാഷകർക്കെതിരെ കേസ് എടുത്ത് ത്രിപുര പോലീസ്

മസ്ജിദിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ കഴിഞ്ഞ ആഴ്ച നാല് പേരും സംഭവ സ്ഥലം സന്ദർശിച്ചിരുന്നു.

അഗർത്തല : ത്രിപുരയിൽ മസ്ജിദിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമം വഴി വർഗ്ഗീയ വിദ്വേഷം വളർത്തുന്ന സന്ദേശം പ്രചരിപ്പിച്ച അഭിഭാഷകർക്കെതിരെ കേസ് എടുത്ത്സംസ്ഥാന പോലീസ്. സുപ്രീംകോടതി അഭിഭാഷകരായ നാല് പേർക്കെതിരെയാണ് ത്രിപുര പോലീസ് കേസ് എടുത്തത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ പ്രകാരമാണ് നടപടി. അഭിഭാഷകരായ എസ്തഷാം ഹാഷ്മി, അമിത് ശ്രീവാസ്തവ്, അൻസർ ഇന്ദൂരി, മുകേഷ് കുമാർ എന്നിവർക്കെതിരെയാണ് കേസ് എടുത്തത്.

മസ്ജിദിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ കഴിഞ്ഞ ആഴ്ച നാല് പേരും സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വർഗ്ഗീയ വിദ്വേഷം വളർത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി പങ്കുവെച്ചത്. മുസ്ലീങ്ങളെ മനപ്പൂർവ്വം ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണം ആണ് നടന്നതെന്നും, രാജ്യത്ത് മുസ്ലീങ്ങൾ സുരക്ഷിതരല്ലെന്നുമാണ് ഇവർ സമൂഹമാദ്ധ്യമം വഴി പ്രചരിപ്പിച്ചത്. ഇവർ പ്രചരിപ്പിച്ച സന്ദേശങ്ങൾ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതോടെയാണ് കേസ് എടുത്തത്.

യുഎപിഎയിലെയും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വിവിധവകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നാല് പേർക്കും പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ ത്രിപുര പോലീസ് മേധാവി മാനിക് ദാസ് മുൻപാകെ ഹാജരാകാനാണ് നിർദ്ദേശം.

കഴിഞ്ഞാഴ്ചയായിരുന്നു മസ്ജിദിന് നേരെ ആക്രമണം ഉണ്ടായത്. ബംഗ്ലാദേശിൽ ക്ഷേത്രങ്ങൾക്കും ഹിന്ദുക്കൾക്കും നേരെ നടന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചുകൊണ്ടുള്ള വിഎച്ച്പിയുടെ റാലി കടന്നു പോകുന്നതിനിടെയായിരുന്നു സംഭവം. റാലിക്കിടെ പുറത്തു നിന്നും എത്തിയ അജ്ഞാത സംഘം മസ്ജിദിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

 

 

shortlink

Post Your Comments


Back to top button