പാനൂര്‍: കേന്ദ്രസര്‍ക്കാർ നികുതി കുറച്ചതിന് പിന്നാലെ പുതുച്ചേരിയിലും വാറ്റ് നികുതി കുറച്ചിരുന്നു. കണ്ണൂര്‍ ജില്ലയെക്കാള്‍ മാഹിയില്‍ ഇന്ധന വില കുറഞ്ഞതോടെ മാഹിയിലേക്ക് ഇന്ധനം നിറയ്ക്കാൻ വരുന്ന വാഹനങ്ങളുടെ പ്രവാഹമാണ്. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോയി വരുന്ന സ്വകാര്യബസുകളും മാഹിയില്‍ നിര്‍ത്തിയാണ് ഇന്ധനം നിറയ്ക്കുന്നത്. വടകരയില്‍ നിന്നും കൂത്തുപറമ്പില്‍ നിന്നും വാഹനയാത്രക്കാര്‍ മാഹിയിലെ പെട്രോള്‍ പമ്പുകളിലേക്ക് കുറഞ്ഞവിലയിലുള്ള എണ്ണയടിക്കാന്‍ എത്തുന്നുണ്ട്.
ഡീസലിന് 18.92 രൂപയും പെട്രോളിന് 12.80 രൂപയുമാണ് പുതുച്ചേരിയില്‍ വില കുറച്ചത്. ഇതോടെ ഇവിടെ പെട്രോളിന് 92.52 രൂപയും, ഡീസലിന് 80.94 രൂപയിലുമെത്തി. എന്നാൽ മാഹിക്ക് തൊട്ടടുത്ത് കിടക്കുന്ന തലശേരി നഗരത്തില്‍ ഇപ്പോഴും പെട്രോള്‍ വില നൂറിന് മുകളില്‍ തുടരുകയാണ്.
Read Also: തൃശ്ശൂരില്‍ പുഴയില്‍ കാൽ കഴുകാനിറങ്ങി; രണ്ട് കുട്ടികളെ കാണാതായി
കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എക്‌സൈസ് നികുതി കുറച്ചതോടെയാണ് മറ്റു സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ പുതുച്ചേരിയും നികുതി കുറച്ചത്. പാനൂര്‍, തലശ്ശേരി ഭാഗങ്ങളില്‍ പെട്രോളിന് 104 രൂപ 54 പൈസയും ഡീസലിന് 91 രൂപ 80 പൈസയുമാണ് വില. പുതുച്ചേരി സര്‍ക്കാര്‍ ചെയ്തതു പോലെ കേരള സര്‍ക്കാരും ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ കുറയ്ക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
Post Your Comments