
തിരുവനന്തപുരം: സൂര്യ നായകനായ ‘ജയ് ഭീം’ ചിത്രത്തെക്കുറിച്ചുള്ള പ്രതികരണം പങ്കുവെച്ച് മുൻ മന്ത്രി കെ ടി ജലീൽ. മേലാളന്മാരുടെ പ്രീതി നേടാൻ കണ്ടവനെ പ്രതിയാക്കി പാവങ്ങളുടെ ജീവിതം പിച്ചിച്ചീന്തുന്ന അധികാരക്കൊതിയന്മാരുടെ കഥയാണ് ചിത്രം പറയുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അധികാരികൾ കുഴിച്ചുമൂടിയ സത്യത്തെ പുറത്തെടുത്ത് നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരുന്ന ദൃശ്യാവിഷ്കാരം പതിവു കാഴ്ചകളിൽ നിന്ന് വ്യത്യസ്തമാണ്. രാജൻ കേസിൽ കേരള ഹൈകോടതി നിലപാട് തമിഴ്നാട് ഹൈകോടതി ഗൗരവത്തോടെ പരിഗണിച്ചത് കണ്ടപ്പോൾ അഭിമാനം തോന്നിയെന്നും ജലീൽ കുറിച്ചു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
‘ജയ് ഭീം’ എന്ന സിനിമ കണ്ടു. കണ്ണും മനസ്സും നനയിച്ച ചലചിത്രം. സവർണ്ണത്തമ്പുരാക്കളും പോലീസും ചേർന്ന് കെട്ടിച്ചമച്ച കള്ളക്കേസ് അടിച്ചും ഇടിച്ചും കുറ്റസമ്മതം നടത്തിക്കാൻ ഭീകരമായ മൂന്നാംമുറ പുറത്തെടുക്കുന്ന പോലീസുകാർ. മേലാളൻമാരുടെ പ്രീതി നേടാൻ കണ്ടവനെ പ്രതിയാക്കി ആരോരും സഹായിക്കാനില്ലാത്ത പാവങ്ങളുടെ ജീവിതം പിച്ചിച്ചീന്തി ഉയർന്ന പദവികൾ ഉറപ്പിക്കാൻ നെട്ടോട്ടമോടുന്ന അധികാരക്കൊതിയൻമാർ. ഇവരെ പച്ചക്ക് തുറന്ന് കാട്ടുന്ന ഈ തമിഴ് സിനിമ, മനുഷ്യൻ എന്ന പ്രപഞ്ചത്തിൻ്റെ കേന്ദ്ര ബിന്ദുവിലേക്ക് മുഴുവൻ കാഴ്ചക്കാരെയും ക്യാമറക്കണ്ണുകളോടൊപ്പം കൂടെക്കൂട്ടുമെന്നുറപ്പ്.
പുഴു ജന്മമെന്ന് ഉന്നതകുലജാതർ ചാപ്പകുത്തിയ ഒരു കീഴാളനെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയവർക്ക് ശിക്ഷ വിധിച്ച് രാജ്യശ്രദ്ധ പിടിച്ചു പറ്റിയ മദിരാശി ഹൈക്കോടതിയിലെ നീതിമാന്മാരായ ജഡ്ജിമാരുടെയും അവരുടെ മുന്നിലേക്ക് കേസ് എത്തിച്ച ചന്ദ്രു എന്ന അശരണരുടെ കൺകണ്ട ദൈവമായ അഭിഭാഷകൻ്റെയും നീതിക്കായുള്ള പോരാട്ടത്തിൻ്റെ കഥ പറയുകയാണ് ‘ജയ് ഭീം’. അധികാരികൾ കുഴിച്ചുമൂടിയ സത്യത്തെ സാമൂഹ്യ പ്രതിബദ്ധതയുടെ കരുത്തിൽ പുറത്തെടുത്ത് നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരുന്ന ദൃശ്യാവിഷ്കാരം പതിവു കാഴ്ചകളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ്. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട നിസ്സഹയായ ഒരു സ്ത്രീക്ക് മുന്നിൽ ‘ചെങ്കൊടി’ തണൽ വിരിച്ചത് കഥയല്ല ചരിത്രമാണ്. ‘ഇൻക്വിലാബ്’ അവർക്ക് നൽകിയ വിപ്ലവ വീര്യം ഇതിഹാസമല്ല യാഥാർത്ഥ്യമാണ്. മുന്നിട്ടിറങ്ങാൻ ഒരാളുണ്ടായാൽ ലക്ഷ്യസ്ഥാനത്ത് യാത്രാ സംഘം എത്തുമ്പോൾ ലോകം മുഴുവൻ കൂടെയുണ്ടാകുമെന്ന വലിയ സന്ദേശവും കൂടി ‘ജയ് ഭീം’ നൽകുന്നുണ്ട്.
ഇതിവൃത്തത്തിൻ്റെ കരുത്തിൽ കഥാ പരിസരത്ത് ഒട്ടും വെള്ളം ചേർക്കാതെ സിനിമ മുന്നോട്ട് നീങ്ങുമ്പോൾ പ്രേക്ഷക മനസ്സിൽ നിന്ന് പലപ്പോഴും നടീനടൻമാർ അപ്രത്യക്ഷമാകുന്നത് ചലച്ചിത്ര സരണിയിൽ അത്യപൂർവ്വ അനുഭവമാണ്. ‘ജയ് ഭീമി’ലെ ഓരോ കഥാപാത്രവും അഭിനയ മികവിൻ്റെ ഉച്ചിയിൽ വിരാജിക്കുന്ന അവസ്ഥയെ ഗംഭീരമെന്നല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കാൻ? ശബ്ദമില്ലാത്തവൻ്റെ ശബ്ദമായി മാറി വിധിന്യായങ്ങളുടെ ചരിത്ര താളുകളിൽ ഇന്നും തിളങ്ങി നിൽക്കുന്ന ജസ്റ്റിസ് ചന്ദ്രുവിന് ഒരു ബിഗ് സെല്യൂട്ട്.
രാജൻ കേസിൽ കേരള ഹൈകോടതി സ്വീകരിച്ച നിലപാട് തമിഴ്നാട് ഹൈകോടതി ഗൗരവത്തോടെ പരിഗണിച്ചത് കണ്ടപ്പോൾ അതിയായ അഭിമാനം തോന്നി. സംസ്ഥാനത്തെ പ്രശസ്തമായ ഒരു സർവകലാശാലയുടെ വൈസ് ചാൻസലർ സ്ഥാനം തൻ്റെ സഹോദര ഭാര്യക്ക് ഉരുക്കിത്തൂക്കി വാങ്ങി, സാരിത്തുമ്പിൽ കെട്ടിക്കൊടുപ്പിച്ച് കൃത്യം എഴുപത്തി രണ്ടാം പക്കം, രണ്ട് പാവം പെൺകുട്ടികൾ റെയിൽവേ ട്രാക്കിൽ മരിച്ച് കിടന്ന പ്രമാദമായ പാർലർ കേസിൽ പ്രതിയെന്നാരോപിക്കപ്പെട്ട മുൻമന്ത്രിയെ വെളുപ്പിച്ചെടുത്ത ഏമാനും, പാർശ്വ വൽകൃതരുടെ കേസ്സുകൾ ഏറ്റെടുത്ത് വാദിച്ച് ജസ്റ്റിസ് പദവിയിലേക്ക് ഉയർത്തപ്പെട്ട ന്യായാധിപൻ ചന്ദ്രുവും തമ്മിലുള്ള ദൂരം പ്രകാശ വർഷങ്ങളുടേതാണെന്ന തിരിച്ചറിവും ‘ജയ് ഭീം’ നൽകുന്നു. തുരുമ്പെടുത്ത ഇരുമ്പും പത്തരമാറ്റ് തങ്കവും ലോഹമെന്ന ഗണത്തിലാണ് ഉൾപ്പെടുന്നത് എന്നതിലെ വൈരുദ്ധ്യം മാപ്പർഹിക്കാത്തതാണ്!!
അതിശയോക്തിയിൽ അതിരു കടക്കാറുള്ള സാധാരണ തമിഴ് സിനിമകളെ ‘ജയ് ഭീം’ എത്ര അനായാസമായാണ് മറികടക്കുന്നതെന്ന് വാക്കുകളിൽ വിസ്തരിക്കാനാവില്ല. സിനിമ കാണുക തന്നെ വേണം. നിരാശ്രയർക്ക് നീതിയുടെ കവാടം പ്രാപ്യമാക്കിയ ഭീം റാവു അംബേദ്കറിന് ‘ജയ് ഭീമി’നോളം യോജ്യമായ ഒരാദരം വേറെയുണ്ടാവില്ല. പ്രമേയത്തിലും അവതരണത്തിലും തിളങ്ങി നിൽക്കുന്ന ഈ ചലചിത്രത്തിൻ്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ.
Post Your Comments