Latest NewsInternational

കോവിഡ് മൂലം കൂടുതൽ മരിക്കുന്നത് ഇന്ത്യാക്കാരും പാക്കിസ്ഥാനികളും? ജീന്‍ വേര്‍തിരിച്ച്‌ പഠന റിപ്പോർട്ടുമായി ഓക്സ്ഫോര്‍ഡ്

നേരത്തെ ഒരു നിശ്ചിത ഡി എന്‍ എ സ്ട്രെച്ചാണ് 65 വയസ്സു കഴിഞ്ഞവരില്‍ കോവിഡ് മരണത്തിന് പ്രധാന കാരണമെന്ന് വിദഗ്ദര്‍ കണ്ടെത്തി

യുകെ: കോവിഡ് മൂലമുള്ള മരണ സാധ്യത ഇരട്ടിയാക്കുന്ന ഒരു പ്രത്യേകതരം ജീന്‍ വേര്‍തിരിച്ചെടുത്ത് ശാസ്ത്രജ്ഞന്മാര്‍. ദക്ഷിണേഷ്യന്‍ ജനങ്ങളിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. എല്‍ സെഡ് ടി എഫ് എല്‍ 1 എന്ന ജീന്‍ ശ്വാസകോശത്തിനുള്ളില്‍ വൈറസുകള്‍ക്ക് എളുപ്പത്തില്‍ പെറ്റുപെരുകാനുള്ള സാഹചര്യം ഒരുക്കുന്നു എന്നാണ് കണ്ടെത്തിയത്. ദക്ഷിണ ഏഷ്യന്‍ മേഖലയില്‍ നിന്നുള്ള 60 ശതമാനം പേരിലും കാണപ്പെടുന്ന ഈ ജീന്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് വേര്‍തിരിച്ചെടുത്തത്.

ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ കാണിക്കുന്നത് ബംഗ്ലാദേശികള്‍ വെള്ളക്കാരേക്കാള്‍ കോവിഡ് ബാധിച്ച്‌ മരിക്കുവാനുള്ള സാധ്യത അഞ്ചിരട്ടിയാണെന്നാണ്. രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന അപകട സാധ്യതയുള്ള വിഭാഗം പാക് വംശജരാണ്. വെള്ളക്കാരേക്കാള്‍ മരിക്കാനുള്ള സാധ്യത ഇവരില്‍ 3.4 മടങ്ങാണ് അധികമായുള്ളത്. ഇതില്‍ നാലാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. കോവിഡ് ബാധിച്ചാല്‍ മരണമടയുന്നതിനുള്ള സാധ്യത ഇന്ത്യാക്കാരില്‍ വെള്ളക്കാരേക്കാള്‍ 1.95 ശതമാനം അധികമാണെന്ന് ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ഈ ജീന്‍ വെറും 15 ശതമാനം യൂറോപ്പ്യന്‍ വംശജരില്‍ മാത്രമേ കാണപ്പെടുന്നുള്ളു. അതേസമയം വെറും രണ്ട് ശതമാനം ആഫ്രിക്കന്‍ വംശജരില്‍ മാത്രമാണ് ഇതിന്റെ സാന്നിദ്ധ്യമുള്ളത്. ഈ ജനിതക സവിശേഷതയാകാം ബ്രിട്ടനില്‍ കോവിഡ് ബാധിച്ചവരില്‍ ദക്ഷിണ ഏഷ്യന്‍ വംശജര്‍ ആനുപാതികമായി കൂടുതല്‍ മരിക്കാന്‍ ഇടയാക്കിയതെന്നാണ് ശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തുന്നത്. എന്നാല്‍, അതുമാത്രമല്ല കാരണം എന്നും അവര്‍ പറയുന്നു. സാമൂഹികവും സാമ്പത്തികവുമായി നിരവധി കാരണങ്ങള്‍ ഇതിനു പുറകിലുണ്ടെന്നും അവര്‍ പറയുന്നു.

നേരത്തെ ഒരു നിശ്ചിത ഡി എന്‍ എ സ്ട്രെച്ചാണ് 65 വയസ്സു കഴിഞ്ഞവരില്‍ കോവിഡ് മരണത്തിന് പ്രധാന കാരണമെന്ന് വിദഗ്ദര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കൃത്യമായ ജീന്‍ അന്ന് കണ്ടെത്താനായിരുന്നില്ല. അപകട സാധ്യത വര്‍ദ്ധിക്കുന്നത് ഒരു പ്രോട്ടീനിലെ ജീന്‍ കോഡിംഗില്‍ വരുന്ന വ്യത്യാസം കൊണ്ടല്ലെന്നും മറിച്ച്‌ ഡി എന്‍ എയില്‍ വരുന്ന വ്യത്യാസം കൊണ്ടാണെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ജനിതകശാസ്ത്ര വിദഗ്ദനായ പ്രൊഫസര്‍ ജിം ഹ്യുഗ്സ് പറയുന്നു.

വൈറസിനെ പ്രതിരോധിക്കാന്‍ ശ്വാസകോശത്തെ സഹായിക്കുന്ന ഒരു പ്രോട്ടീനിനെ തടഞ്ഞുകൊണ്ടാണ് എല്‍ സെഡ് ടി എഫ് എല്‍ 1 എന്ന ജീന്‍ ശ്വാസകോശത്തില്‍ വൈറസുകള്‍ക്ക് വളരാനുള്ള സാഹചര്യമൊരുക്കുന്നത്. ഈ ജീനുകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വാക്സിന്റെ പ്രഭാവം എത്രമാത്രം ഉണ്ടാകുമെന്ന കാര്യത്തിലും ചില സംശയങ്ങള്‍ ഉയരുന്നുണ്ട്.

പ്രതിരോധ സംവിധാനത്തെ ഈ ജീന്‍ സ്വാധീനിച്ചു കഴീഞ്ഞാല്‍അത് പിന്നെ വാക്സിനോട് പ്രതികരിക്കില്ലെന്നാണ് പ്രൊഫസര്‍ ജെയിംസ് ഡേവിസ് പറയുന്നത്. ഈ ജീനിന്റെ സാന്നിദ്ധ്യം മനുഷ്യരുടെ പ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയാണ് എന്നും ഇവര്‍ പറയുന്നു. വാക്സിന്‍ വൈറസിനെ പ്രതിരോധിക്കുന്ന രീതിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഈ ജീന്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദെഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button