അബുദാബി: ചെക്ക് കേസുകളെ ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കാനൊരുങ്ങി യുഎഇ. ബാങ്ക് അക്കൗണ്ടിൽ മതിയായ തുകയില്ലാത്തതിന്റെ പേരിൽ മടങ്ങുന്ന ചെക്കുമായി (ബൗൺസ് ചെക്ക്) ബന്ധപ്പെട്ട കേസ് ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കുന്ന പുതിയ നിയമ ഭേദഗതി ജനുവരി 2 മുതൽ പ്രാബല്യത്തിൽ വരും. സെൻട്രൽ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം വ്യാജ ഒപ്പിടുന്നത് ഉൾപ്പെടെയുള്ളവ ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ വരും. ബാങ്കിങ് നിയമങ്ങളും ചട്ടങ്ങളും നവീകരിക്കുന്നതിനും നിയമപരമായ പോരായ്മകൾ നികത്തുന്നതിനുമാണ് ഭേദഗതിയെന്ന് യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബാലമ വ്യക്തമാക്കി.
ചെക്കിലെ തുകയ്ക്ക് തുല്യമായ പണം അക്കൗണ്ടിൽ ഉണ്ടെങ്കിൽ മാത്രമേ പാസ്സാക്കൂവെന്നതാണ് നിലവിലെ നിയമം. പണം ഇല്ലെങ്കിൽ ചെക്ക് മടക്കി (ബൗൺസ്) അയയ്ക്കും. എന്നാൽ പുതിയ നിയമം അനുസരിച്ച് ബാങ്കിൽ സമർപ്പിക്കുന്ന ചെക്കിന്റെ തുകയ്ക്കു തുല്യമായ പണം അക്കൗണ്ടിൽ ഇല്ലെങ്കിലും ലഭ്യമായ തുക നൽകും. ശേഷിച്ച തുക ബാങ്ക് അധികൃതർ ചെക്കിൽ രേഖപ്പെടുത്തും. ഇത് ഈടാക്കുന്നതിന് സിവിൽ കോടതിയിൽ നേരിട്ട് എക്‌സിക്യൂഷൻ നടപടികളുമായി മുന്നോട്ടുപോകാമെന്നാണ് പുതിയ നിയമ ഭേദഗതിയിൽ വ്യക്തമാക്കുന്നത്. എക്‌സിക്യൂഷൻ കോർട്ട് ഫീസ് (വിവിധ എമിറേറ്റിൽ വ്യത്യസ്ത നിരക്ക്) അടയ്‌ക്കേണ്ടി വരും.
പുതിയ നിയമം കാലതാമസം ഒഴിവാക്കാനും വേഗത്തിൽ പണം ഈടാക്കാനും സഹായിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ചെക്ക് മടങ്ങിയാൽ വിശദവിവരങ്ങൾ ബാങ്കുകൾ സെൻട്രൽ ബാങ്കിനെ യഥാസമയം അറിയിക്കണമെന്നാണ് നിർദ്ദേശം. തുടർച്ചയായി ചെക്ക് മടങ്ങുന്ന കമ്പനികൾക്കും വ്യക്തികൾക്കും വീണ്ടും ചെക്ക് ബുക്ക് ലഭിക്കില്ല. ചെക്ക് നൽകി വഞ്ചിച്ചയാളുടെയും കമ്പനികളുടെയും പേര് പത്രങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നും അധികൃതർ പറഞ്ഞു. നിലവിൽ ചെക്കുകേസിൽ പെടുന്നവർക്ക് തുകയുടെ വ്യാപ്തി അനുസരിച്ച് പിഴയോ തടവോ ആയിരുന്നു ശിക്ഷയായി നൽകിയിരുന്നത്. എന്നാൽ പുതിയ നിയമം അനുസരിച്ച് സിവിൽ കേസിൽ പണം അടച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുക, ആസ്തി ജപ്തി ചെയ്യുക, ഇതു സാധ്യമല്ലാതെ വരുന്ന സാഹചര്യത്തിൽ ജയിൽ ശിക്ഷ തുടങ്ങിയവയായിരിക്കും ലഭിക്കുന്നത്.
Read Also: ടോയ്‌ലറ്റില്‍ പോകുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങൾ ?: എങ്കില്‍ ഇക്കാര്യം സൂക്ഷിക്കുക
Post Your Comments