തിരുവനന്തപുരം : സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. മാലിന്യ നിർമാർജനത്തിലെ പോരായ്മകളാണ് എലിപ്പനി വ്യാപനത്തിന് കരണമെന്നാണ് റിപ്പോർട്ട് . ഇന്നലെ മാത്രം 14 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഈ വർഷം ഇതുവരെ 1195 പേർക്കാണ് പരിശോധനയിലൂടെ എലിപ്പനി സ്ഥിരീകരിച്ചത്. 45 പേർ രോഗം ബാധിച്ച് മരിച്ചു.
എലിപ്പനി രോഗ ലക്ഷണങ്ങളോടെ ചികിൽസ തേടിയവരുടെ എണ്ണവും സംസ്ഥാനത്ത് കൂടുകയാണ്. ഇന്നലെ വരെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മാത്രം 1795 പേരാണ് രോഗ ലക്ഷണങ്ങളോടെ ചികിൽസ തേടിയത്. സംസ്ഥാനത്ത് തുടർച്ചയായി മഴ കൂടി ആയതോടെ പലയിടത്തും മാലിന്യം ചീഞ്ഞളിഞ്ഞു. ഇത് രോഗ പകർച്ചയുടെ ആക്കം കൂട്ടുകയാണ്.
Read Also : 50 രൂപയുടെ സാധനം 75 രൂപ വിലയിട്ട് 70 രൂപയ്ക്ക് വില്‍ക്കുന്നു: തട്ടിപ്പ് ഡിസ്കൗണ്ടെന്ന് വിഡി.സതീശൻ
എലികൾ , കന്നുകാലികൾ, പട്ടി,പൂച്ച എന്നിവയുടെ മൂത്രം വഴി കെട്ടിക്കിടക്കുകയോ ഒലിച്ചിറങ്ങുകയോ ചെയ്യുന്ന വെള്ളത്തിലൂടെ മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് എലിപ്പനി. ശരീരത്തിലെ മിറിവുകളിലൂടേയോ അധിക സമയം വെള്ളത്തിൽ നിൽക്കുന്നത് വഴിയോ അണുക്കൾ ശരീരത്തിൽ പ്രവേശിക്കാം. ശക്തമായ പനി, തലവേദന, പേശികൾക്ക് വേദന, കണ്ണുകൾക്ക് ചുവപ്പുനിറം, ഛർദി എന്നിവയാണ് ലക്ഷണങ്ങൾ. ഇത് തിരിച്ചറിഞ്ഞ് തുടക്കത്തിൽ തന്നെ ചികിൽസ എടുത്താൽ മരണം ഒഴിവാക്കാം. അല്ലാത്തപക്ഷം ശ്വാസകോശം,കരൾ,വൃക്കകൾ,ഹൃദയം എന്നിവയെ രോഗം ബാധിക്കും. പത്തു മുതൽ 15 ശതമാനം വരെയാണ് മരണ സാധ്യത.
Post Your Comments