കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി പിഞ്ച് പെൺകുഞ്ഞുങ്ങളെ വൃദ്ധന്മാർക്ക് വിവാഹം കഴിച്ചു നൽകേണ്ട ഗതികേടിലാണ് മാതാപിതാക്കൾ. അംഗങ്ങൾ കൂടുതലുള്ള കുടുംബങ്ങളിലാണ് ഇത്തരം ദയനീയ അവസ്ഥ കൂടുതലുള്ളത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സ്വന്തം പെണ്മക്കളെ വിൽക്കുകയാണ് മാതാപിതാക്കൾ.
ചില കുടുംബങ്ങളിൽ രണ്ട് പെൺകുട്ടികളെയൊക്കെയാണ്വിൽക്കേണ്ടി വരുന്നത്. ഇവിടെ അംഗങ്ങൾ കൂടുതൽ ആയതിനാലാണിത്. എട്ട് അംഗങ്ങളുള്ള കുടുംബത്തിന് മുന്നോട്ട് പോകാൻ ബുദ്ധിമുട്ട് ആയതോടെ രണ്ട് പെണ്മക്കളെ വിറ്റ ദുരവസ്ഥ പങ്കുവെയ്ക്കുകയാണ് അബ്ദുൾ മാലിക് എന്ന പിതാവ്. തന്റെ പന്ത്രണ്ടുകാരിയായ മകളെ പണം വാങ്ങി മറ്റൊരാൾക്ക് വിറ്റത് കുറച്ച് മാസങ്ങൾക്ക് മുൻപായിരുന്നു. എന്നാൽ, മൂത്തമകളെ വിറ്റതിലൂടെ കിട്ടിയ പണം ഒന്നിനും തികയാതെ വന്നതോടെയാണ് രണ്ടാമത്തെ കുഞ്ഞിനെയും വിൽക്കേണ്ടി വന്നത്.
താലിബാൻ ഭരണം അഫ്ഗാനിസ്ഥാനിലെ ഗ്രാമീണ ജീവിതങ്ങളെ അത്രമേൽ തകർത്തു കളഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, തകർച്ചയുടെ വക്കിൽ നിൽക്കുന്ന അഫ്ഗാനിസ്ഥാൻ സമ്പദ്ഘടനയെ കൂടുതൽ തകർച്ചയിലേക്ക് തള്ളിവിടുന്ന തീരുമാനവുമായി താലിബാൻ. രാജ്യത്ത് വിദേശ കറൻസിയുടെ ഉപയോഗം നിരോധിച്ചു കൊണ്ട് താലിബാൻ ഉത്തരവിറക്കി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടി ഉണ്ടാകുമെന്നും താലിബാൻ അറിയിച്ചു. ഇത് തകർന്നിരിക്കുന്ന അഫ്ഗാൻ ജനതയെ വീണ്ടും തകർച്ചയിലേക്ക് തള്ളിവിടുന്ന നടപടിയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Post Your Comments