CricketLatest NewsNewsSports

ടി20 ലോകകപ്പ്: ആദ്യം ജയം തേടി ഇന്ത്യ ഇന്ന് അഫ്ഗാനെതിരെ

ദുബായ്: ടി20 ലോകകപ്പില്‍ പ്രതീക്ഷകള്‍ മങ്ങിയ ഇന്ത്യ ആദ്യം ജയം ലക്ഷ്യമിട്ട് ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ആദ്യ രണ്ട് കളിയും പരാജയപ്പെട്ട ഇന്ത്യക്ക് ഇന്ന് ജയം മാത്രമാണ് ലക്ഷ്യം. അഫ്ഗാന്‍ രണ്ട് കളി ജയിച്ച് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. ഗ്രൂപ്പ് രണ്ടില്‍ അഞ്ചാമതാണ് വിരാട് കോഹ്ലിയും സംഘവും. പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, അഫ്ഗാന്‍, സ്‌കോട്ലന്‍ഡ് ടീമുകള്‍ മുന്നിലുണ്ട്.

ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് സെമി യോഗ്യത. ഇന്ത്യക്ക് ആദ്യ രണ്ടിലെത്തണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ന്യൂസിലന്‍ഡ് സ്‌കോട്ലന്‍ഡുമായി കളിക്കും. ടോസ്സിൽ രണ്ട് തവണയും കോഹ്ലിയെ കൈവിട്ടിരുന്നു. യുഎഇയിലെ പിച്ചുകളില്‍ രണ്ടാമത് പന്തെറിയുക എന്നത് ദുഷ്‌കരമായതിനാല്‍ ടോസ് നിര്‍ണായകമാണ്. പാകിസ്ഥാനോടും ന്യൂസിലന്‍ഡിനോടുമുള്ള തോല്‍വികളില്‍ ടോസും ഒരു ഘടകമായിരുന്നു.

അബുദാബിയിലാണ് ഇന്നത്തെ മത്സരം. ആദ്യ രണ്ട് കളിയും ദുബായിലായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുന്ന സംഘമാണ് അഫ്ഗാന്റേത്. നമീബിയയെയും സ്‌കോട്ലന്‍ഡിനെയും തകര്‍ത്ത അഫ്ഗാന്‍ സംഘം പാകിസ്ഥാനെ വിറപ്പിച്ചശേഷമാണ് കീഴടങ്ങിയത്. വന്‍ വ്യത്യാസത്തില്‍ അഫ്ഗാനെ കീഴടക്കിയാല്‍ മാത്രമാണ് ഇന്ത്യക്ക് നേരിയ പ്രതീക്ഷ നിലനിര്‍ത്താനാകൂ. അടുത്ത മത്സരത്തില്‍ അഫ്ഗാന്‍ ന്യൂസിലന്‍ഡിനെ കീഴടക്കുകയും വേണം.

അഫ്ഗാന്റെ സ്പിന്‍നിര ഇന്ത്യക്ക് വൻ വെല്ലുവിളിയുയർത്തും. മുജീബ് റഹ്മാനും റഷീദ് ഖാനും ഉള്‍പ്പെട്ട സ്പിന്‍സഖ്യം ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് ഭീഷണിയാണ്. ന്യൂസിലന്‍ഡിനെതിരെ സ്പിന്നര്‍മാരായ ഇഷ് സോധിക്കും മിച്ചെല്‍ സാന്റ്നെര്‍ക്കും മുന്നില്‍ ഇന്ത്യന്‍ താരങ്ങൾ പതറി. രോഹിത് ശര്‍മ ഓപ്പണിങ് സ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കും. രോഹിതും ഇഷാന്‍ കിഷനും ഇന്നിങ്സ് തുടങ്ങാനാണ് സാധ്യത. കോഹ്ലി മൂന്നാമതും രാഹുല്‍ നാലാമതും ഇറങ്ങിയേക്കും.

Read Also:- കുട്ടികളുടെ ബുദ്ധിക്കും ആരോഗ്യത്തിനും നല്‍കാം ഈ പച്ചക്കറികൾ!

അഫ്ഗാന്‍നിരയില്‍ മുന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാന്‍ വിരമിച്ച ഒഴിവില്‍ ഹഷ്മത്തുള്ള ഷാഹിദിയോ ഉസ്മാന്‍ ഗനിയോ ഇറങ്ങിയേക്കും. ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ ഹമീദ് ഹസനാണ് അഫ്ഗാന്‍നിരയിലെ അപകടകാരി. നമീബിയക്കെതിരെ മൂന്ന് വിക്കറ്റാണ് ഹമീദ് നേടിയത്. മൂന്നുതവണയും ടോസ് കിട്ടിയ ക്യാപ്റ്റന്‍ മുഹമ്മദ് നബി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അബുദാബിയില്‍ എട്ട് മത്സരത്തില്‍ ആറിലും രണ്ടാമത് ബാറ്റ് ചെയ്ത ടീം ജയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button