KeralaLatest NewsNews

കോണ്‍ഗ്രസിന്റെ ജനകീയ സമരത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് നടത്തിയത് അക്രമവും സഭ്യവുമല്ലാത്ത പ്രവര്‍ത്തി : കെ.സുധാകരന്‍

തിരുവനന്തപുരം: ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനെതിരെയുള്ള നടന്റെ പ്രതിഷേധം ശരിക്കുമൊരു നാടകമാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍. ഇന്ധനവില വര്‍ദ്ധനവിനെതിരെ എറണാകുളം ഡി.സി.സി സംഘടിപ്പിച്ച ജനകീയ സമരത്തിനെതിരെ സിനിമാ നടന്‍ ജോജു ജോര്‍ജ് നടത്തിയ അക്രമവും വനിതാ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതും മാന്യതയുടെയും സഭ്യതയുടെയും അതിര്‍ വരമ്പുകള്‍ ലംഘിക്കുന്നതാണെന്ന് സുധാകരന്‍ പ്രതികരിച്ചു.

ജനങ്ങളുടെ നടുവൊടിക്കുന്ന ഇന്ധനവില വര്‍ദ്ധനവിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി മുന്‍കൂട്ടി പ്രഖ്യാപിച്ച ശേഷമാണ് സമരം നടത്തിയത് നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നു സമരം. ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന അറിയിപ്പും നല്‍കിയിരുന്നു. ജനങ്ങള്‍ സമരത്തോട് പൂര്‍ണ്ണമായും സഹകരിച്ചിട്ടുണ്ട്. ഇന്ധനവില വര്‍ദ്ധനവിനെതിരേ കോണ്‍ഗ്രസിന്റെ സമരമുഖത്ത് നടന്‍ ജോജു ജോര്‍ജ് നടത്തിയ പ്രകടനം ഖേദകരമാണ്. വളരെ പ്രകോപനപരമായാണ് അദ്ദേഹം പെരുമാറിയത്. ഒരു ഘട്ടത്തില്‍ അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകരോട് പോലും തട്ടിക്കയറി. വനിതാ പ്രവര്‍ത്തകരോട് അപമര്യദയായി പെരുമാറിയതിന് പോലീസ് നടനെതിരെ നടപടി സ്വീകരിക്കണം. അല്ലെങ്കില്‍ ശക്തമായ പ്രതിഷേധം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.

‘പ്രതിഷേധം ഉണ്ടായപ്പോള്‍ പ്രശ്നത്തില്‍ ഇടപെടുന്നതിന് പകരം പൊലീസ് നിഷ്‌ക്രിയമായിരുന്നു. ഇതാണ് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയത്. ലോകത്ത് എവിടെയുമില്ലാത്ത ഇന്ധനവില വര്‍ദ്ധനവാണ് കുറച്ചു മാസങ്ങളായി രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അമിത നികുതിയാണ് ഇന്ധനവില വര്‍ദ്ധനവിന് പ്രധാനകാരണം. ഇത് ചോദ്യം ചെയ്യപ്പേടേണ്ട വിഷയമാണ്. രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ അത് കോണ്‍ഗ്രസിന്റെ കടമയും ഉത്തരവാദിത്വവുമാണ്. ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ ശക്തമായി പ്രതിഷേധിക്കുന്നില്ലെന്ന ആക്ഷേപം പൊതുജനത്തിനുണ്ട്. ആളുകള്‍ തന്നെ ഫോണ്‍വിളിച്ചും നേരില്‍ക്കണ്ടും പരാതിപ്പെടുന്നു. ചരിത്രത്തില്‍ ഇല്ലാത്തവിധം ഇന്ധനവില വര്‍ദ്ധിപ്പിക്കുമ്പോഴല്ലാതെ എപ്പോഴാണ് പ്രതികരിക്കേണ്ടത്’, സുധാകരന്‍ ചോദിച്ചു.

ഇന്ധനവില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് തുടര്‍ച്ചയായി നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായിട്ടാണ് എറണാകുളം ഡി.സി.സി വഴിതടയല്‍ സമരം പ്രഖ്യാപിച്ചത്. ബിജെപിക്കും സി.പി.എമ്മിനും ഇന്ധനവില വര്‍ദ്ധനവിനെതിരെ സമരം നടത്താന്‍ ധാര്‍മിക അവകാശമില്ല. ജനങ്ങളുടെ പൊതുവികാരമാണ് കോണ്‍ഗ്രസ് ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിഷേധങ്ങളിലൂടെ പ്രകടിപ്പിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button