
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍ കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും നാളെയും യെല്ലോ അലേര്‍ട്ടാണ്.
ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കേരള തീരത്ത് ബുധനാഴ്ച വരെയും ലക്ഷദ്വീപ് തീരത്ത് വ്യാഴാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദമാണ് തെക്കേ ഇന്ത്യന്‍ തീരത്ത് ശക്തമായ മഴ തുടരാന്‍ കാരണം.
നിലവില്‍ ശ്രീലങ്കയ്ക്ക് മുകളിലും തമിഴ്‌നാട് തീരത്തുമായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം അടുത്ത രണ്ട് ദിവസത്തേയ്ക്ക് കാര്യമായി നീങ്ങാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഇതിന് ശേഷമാകും അറബിക്കടലിലേക്ക് നീങ്ങുകയെന്നാണ് നിരീക്ഷണം.
Post Your Comments