Latest NewsKeralaNews

ആ പോസ്റ്റ് കണ്ട് ആരോഗ്യമന്ത്രി ഞെട്ടി, ആ പോസ്റ്റര്‍ ഒട്ടിച്ചത് ഞാനാണ്

സൗകര്യങ്ങളും സ്റ്റാഫിനെയും കൂടി തന്നാല്‍ പോസ്റ്റര്‍ മാറ്റാം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത് സംബന്ധിച്ച് വലിയ വാര്‍ത്തയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രാത്രി പത്തരയ്‌ക്കെത്തിയ മന്ത്രി 12ന് ശേഷമാണ് മടങ്ങിയത്. വിവിധ കാര്യങ്ങള്‍ പരിശോധിച്ച മന്ത്രി വീഴ്ചകളില്‍ പരിശോധന ആവശ്യപ്പെടുകയും ചെയ്തു.

Read Also : ക്ഷേത്രത്തില്‍ കവര്‍ച്ച: മോഷണം തത്സമയം കണ്ട പ്രവാസി പൊലീസില്‍ അറിയിച്ചു, പ്രതി പിടിയില്‍

സന്ദര്‍ശനത്തിനിടെ ആശുപത്രിയില്‍ കണ്ട ഒരു പോസ്റ്റര്‍ മന്ത്രിയെ ഏറെ ഞെട്ടിച്ചുവെന്ന വാര്‍ത്തകളും ഉണ്ടായിരുന്നു. ആശുപത്രിയുടെ പതിനാറാം വാര്‍ഡിന്റെ ഭിത്തിയില്‍ ഒട്ടിച്ച പോസ്റ്റാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. ഇവിടെ എത്തുമ്പോള്‍ നിങ്ങള്‍ക്കു തോന്നാവുന്ന കാര്യങ്ങളും അതിനുള്ള പരിഹാരങ്ങളും’ എന്ന തലക്കെട്ടില്‍ ചോദ്യം, ഉത്തരം ക്രമത്തിലുള്ളതായിരുന്നു പോസ്റ്റര്‍. മന്ത്രിയുടെ നിര്‍ദേശപ്രകാരം അപ്പോള്‍ തന്നെ പോസ്റ്റര്‍ ഇളക്കി മാറ്റി. എന്നാല്‍ ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. യാസീന്‍.. പോസ്റ്റര്‍ ഒട്ടിച്ചിരുന്നത് ഞാനാണെന്ന് വ്യക്തമാക്കുന്ന അദ്ദേഹം ആ പോസ്റ്ററും പങ്കുവെക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പഴേ കഥയാണ്.

‘മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന സമയം. മെഡിസിന്‍ പോസ്റ്റിംഗ്. M6. ഒരിക്കലെങ്കിലും മെഡിസിന്‍ വാര്‍ഡില്‍ അഡ്മിഷന്‍ ദിവസം വന്നിട്ടുള്ളവര്‍ക്ക് അറിയാം അവിടുത്തെ അവസ്ഥ. അതുകൊണ്ട് തന്നെ ഈ പറയുന്നത് എല്ലാവര്‍ക്കും മനസ്സിലാവണമെന്നില്ല. കൊറോണക്ക് മുന്‍പുള്ള കാലമാണ്. രണ്ട് യൂണിറ്റിന് ഒരു വാര്‍ഡ്. ആകെ 50 ബെഡ്. എനിക്ക് പോസ്റ്റിംഗ് വാര്‍ഡ് 16 ല്‍. മെഡിക്കല്‍ കോളജിലെ തന്നെ ഏറ്റവും സൗകര്യം കുറഞ്ഞ വാര്‍ഡുകളില്‍ ഒന്ന്. ഇടയ്ക്ക് ഒന്ന് രണ്ട് ബെഡ് ഒക്കെ ചേര്‍ത്ത് മൊത്തം 56 ഓ 58 ഓ ബെഡ് ആക്കിയിട്ടുണ്ട്. അത് M3, M6, ഹെമറ്റോളജി ഇങ്ങനെ വീതിച്ചിട്ടുണ്ട്. അപ്പോ M6 ന് 25 ബെഡ് . ശനിയാഴ്ച്ച അഡ്മിഷന്‍. ശരാശരി 80-100 അഡ്മിഷന്‍ ഉണ്ടാവും. നമുക്കുള്ളത് ബെഡ് 25 ഉം’.

‘രാവിലെ റൗണ്ട്‌സ് ഒക്കെ കഴിഞ്ഞ് ഇരിക്കുമ്പോള്‍ അഡ്മിറ്റായവര്‍ ഓരോരുത്തരായി വരാന്‍ തുടങ്ങും. വൈകുന്നേരം ആകുമ്പോഴേയ്ക്കും എണ്ണം കൂടിക്കൂടി വരും. ഈ വരവ്രാത്രി വരെ തുടരും. നമുക്കുള്ള 25 ബെഡ് കഴിയുമ്പോള്‍ അടുത്ത യൂണിറ്റിന്റെ ഒഴിവുള്ള ബെഡില്‍ രോഗികളെ കിടത്തും. അങ്ങനെ ഒഴിവുള്ള ബെഡില്‍ മുഴുവന്‍ ആളായാല്‍ അടുത്ത അടവ് ഡബ്‌ളിംഗ് ആണ്. ഒരു ബെഡില്‍ 2 പേരെ വച്ച് കിടത്തും. ബെഡില്‍ ഒരാളെ കൂടി കിടത്താന്‍ പറ്റാത്ത അവസ്ഥയിലുള്ളവര്‍ക്ക് മാത്രം ഒറ്റക്ക് ഒരു ബെഡ് കിട്ടും’.

‘അങ്ങനെ ഡബ്‌ളിംഗ് കഴിഞ്ഞാല്‍ അടുത്തത് ഫ്‌ളോര്‍ ആണ്. രണ്ട് ബെഡുകള്‍ക്ക് ഇടക്കുള്ള സ്ഥലത്ത് തറയില്‍ രോഗികളെ കിടത്തി തുടങ്ങും. ഒരിക്കലെങ്കിലും 16- ആം വാര്‍ഡില്‍ വന്നിട്ടുള്ളവര്‍ക്ക് ചിലപ്പോള്‍ അത്ഭുതം തോന്നാം, അവിടെ എവിടെയാണ് സ്ഥലം എന്ന്. ഒരു മാര്‍ഗ്ഗവും ഇല്ലാത്തത് കൊണ്ട് അത് അങ്ങനെയേ പറ്റൂ. ഇതിനിടയില്‍ ബെഡ് കിട്ടിയവര്‍ക്ക് തറയിലേക്ക് മാറേണ്ടി വരും. ഒറ്റക്ക് കിടക്കുന്നവര്‍ക്ക് കൂട്ടിന് ആളിനെ കിട്ടും. ഈ അറേഞ്ച്‌മെന്റ്‌സ് എല്ലാം രോഗികളുടെ രോഗത്തിന്റെ അവസ്ഥ മാത്രം നോക്കിയാണ് തീരുമാനിക്കുന്നത്. ഇതിനിടയില്‍ രോഗികളോടൊപ്പം വന്ന ആളുകള്‍ കൂടി ആകുമ്പോള്‍ തൃശൂര്‍ പൂരം നടക്കുന്ന തിരക്കാവും വാര്‍ഡില്‍. ഇത്രയും രോഗികളെ മാനേജ് ചെയ്യാന്‍ ആകെ ഉണ്ടാവുന്നത് 2 ഹൗസ് സര്‍ജന്‍, 3 പി ജി ഡോക്ടര്‍മാര്‍, 3 നഴ്‌സ്. നഴ്‌സുമാര്‍ക്ക് അടുത്ത യൂണിറ്റിലെ രോഗികളെ കൂടി നോക്കേണ്ടി വരും. ഓരോരുത്തരും ഒരു 10 പേരുടെ പണി എടുക്കേണ്ടി വരും’.

‘അങ്ങനെ നെട്ടോട്ടമോടുന്ന സമയത്താണ് കൂട്ടിരിപ്പുകാര്‍ പരാതികളുമായി എത്തുന്നത്. ബെഡ് കിട്ടിയില്ല, വേറെ ആളിന്റെ കൂടെ കിടക്കാന്‍ ബുദ്ധിമുട്ടാണ്, ഡ്രിപ്പ് തീര്‍ന്നിട്ട് സിസ്റ്റര്‍ വന്ന് മാറ്റിയില്ല, ബ്ലഡ് സാമ്പിള്‍ എടുത്തില്ല, അങ്ങനെ പരാതികളുടെ ബഹളം. രോഗികള്‍ വരുന്ന ഓര്‍ഡറില്‍ തന്നെ അവരെ അറ്റന്‍ഡ് ചെയ്യണം എന്നില്ല. രോഗാവസ്ഥ അനുസരിച്ച് സീരിയസ് ആയിട്ടുള്ളവരെ ആദ്യം നോക്കും, മരുന്നുകള്‍ എഴുതും. നഴ്‌സുമാര്‍ അവര്‍ക്കുള്ള മരുന്നുകള്‍ കൊടുത്ത് പരിശോധനക്കുള്ള സാമ്പിളുകള്‍ എടുത്ത് കൊടുക്കും. ഇങ്ങനെയാണ് സാധാരണ നടക്കുന്നത’്.

‘അടുത്ത ദിവസം രാവിലെ 8 മണിക്ക് റൗണ്ട്‌സ് തുടങ്ങും. അപ്പോഴും തലേ ദിവസത്തെ ബാക്കി അഡ്മിഷന്‍ വരുന്നുണ്ടാവും. പി ജി, ഹൗസ് സര്‍ജന്‍ ഒക്കെ പഴേത് തന്നെ (തലേ ദിവസം രാവിലെ ഡ്യൂട്ടിക്ക് കേറിയവര്‍, ഇതുവരെ ഡ്യൂട്ടി കഴിഞ്ഞിട്ടില്ല). റൗണ്ട്‌സില്‍ കുറച്ച് പേര്‍ ഡിസ്ചാര്‍ജ് ആവും. കുറെ പേര്‍ക്ക് പുതിയ പരിശോധനകള്‍, മരുന്നുകള്‍ ഒക്കെ എഴുതും. ഈ പണികള്‍ തീര്‍ത്തിട്ട് വേണം ഡിസ്ചാര്‍ജ് ഉള്ളവരുടെ ഡിസ്ചാര്‍ജ് സമ്മറി എഴുതാന്‍’.

‘റൗണ്ട്‌സ് തീര്‍ന്ന ഉടന്‍ തന്നെ ഡിസ്ചാര്‍ജ് എവിടെ എന്ന് ചോദിച്ച് ആളുകള്‍ വരുന്നുണ്ടാവും. ബാക്കി പണികള്‍ തീര്‍ത്തിട്ട് എഴുതി തരാം എന്ന് മര്യാദയോടെ പറയും. ഈ ചോദ്യം തുടര്‍ന്ന് കൊണ്ടിരിക്കും. ക്ഷമയുടെ പരിധി കഴിയുമ്പോള്‍ മറുപടി പറയുന്ന രീതി കുറച്ച് മാറും ( ഇത് എന്റെ കാര്യം ആണ്). ഇതെല്ലാം തീര്‍ത്ത് വൈകിട്ട് ഒരു റൗണ്ട്‌സ് കൂടി നടക്കും. എല്ലാവര്‍ക്കും വേണ്ട മരുന്നുകളും ടെസ്റ്റുകളും കൊടുത്തു എന്ന് ഉറപ്പിക്കാനും, നേരത്തെ കൊടുത്ത് ടെസ്റ്റുകളുടെ റിസള്‍ട്ടുകള്‍ നോക്കാനും ഒക്കെ വേണ്ടിയാണ് ഈ റൗണ്ട്‌സ്. ഇതും കഴിഞ്ഞ് രാത്രി വാര്‍ഡ് ഡ്യൂട്ടി കൂടി ഉണ്ടെങ്കില്‍ അടുത്ത ദിവസത്തെ റൗണ്ട്‌സ് കഴിയണം ഡ്യൂട്ടി തീരാന്‍’.

‘ഈ പരിപാടികള്‍ എല്ലാം നടക്കുന്നതിനിടയില്‍ തന്നെ രോഗികളുടെ ആവശ്യങ്ങള്‍ കൂട്ടിരിപ്പുകാരുടെ സംശയങ്ങള്‍, പരാതികള്‍ ഇതിനെല്ലാം പരിഹാരം ഉണ്ടാക്കണം. അഡ്മിഷന്‍, പോസ്റ്റ് അഡ്മിഷന്‍ ദിവസങ്ങളില്‍ കൂട്ടിരിപ്പുകാരുടെ വക പരാതികള്‍ പലതും നമുക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തവ ആയിരിക്കും. അതിന്റെ പിറകെ പോയാല്‍ ചെയ്യാനുള്ള ജോലികള്‍ ബാക്കി ആവും. അങ്ങനെ ആയപ്പോഴാണ് സ്ഥിരം കേള്‍ക്കുന്ന പരാതികള്‍ക്ക് വേണ്ട പരിഹാരങ്ങള്‍ ആളുകള്‍ക്ക് വായിക്കാന്‍ വേണ്ടി അവിടെ എഴുതി ഒട്ടിക്കാം എന്ന ഒരു ഐഡിയ വന്നത്. അങ്ങനെ ഒരു മാറ്റര്‍ ഉണ്ടാക്കി A3 സൈസ് പ്രിന്റ് എടുത്ത് വേറെ ആരോടും ചോദിക്കാതെ ഞാന്‍ വാര്‍ഡ് 16 ല്‍ കൊണ്ട് വന്ന് ഒട്ടിച്ചു. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ അത് അവിടെ തന്നെ ഇരുന്നു. എന്റെ വാക്കുകള്‍ക്ക് കടുപ്പം കൂടി എന്ന് അഭിപ്രായമുള്ള ചിലര്‍ പിന്നീട് ചില ഭാഗങ്ങള്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച് കടുപ്പം കുറച്ചിരുന്നു. (കടുപ്പം കൂടിയത് താഴെ ഉണ്ട്). (അതായതുത്തമാ, ആ പോസ്റ്റര്‍ ഉണ്ടാക്കിയതും അവിടെ കൊണ്ട് ഒട്ടിച്ചതും എല്ലാം ഞാന്‍ തന്നെയാണ്. വേറെ ആര്‍ക്കും അതില്‍ ഉത്തരവാദിത്തമില്ല. വായിച്ചിട്ട് തെറ്റ് തോന്നാത്തത് കൊണ്ടാവും ആരും ഇളക്കി മാറ്റിയതും ഇല്ല)’.

‘അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോ നമ്മുടെ ആരോഗ്യമന്ത്രി അതുവഴി പോയപ്പോ അത് കണ്ടു എന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത. പോസ്റ്റര്‍ കണ്ട മന്ത്രി ഞെട്ടിയെന്നും പറയപ്പെടുന്നു. മീറ്റിംഗ് വിളിച്ച് അവിടെയുള്ള സ്റ്റാഫിനെ കൊണ്ട് തന്നെ അത് കീറി മാറ്റി എന്നും അറിഞ്ഞിട്ടുണ്ട്. നല്ല കിടുകിടിലം മൂവ്! പക്ഷേ അക്ഷരങ്ങളും പ്രിന്ററില്‍ മഷിയും കടയില്‍ പേപ്പറും ഉള്ള കാലം വരെ ഇങ്ങനെയുള്ള ഐറ്റങ്ങള്‍ വാര്‍ഡുകളില്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്. ഇളക്കി മാറ്റിക്കാന്‍ മന്ത്രിയും ഇളക്കി മാറ്റാന്‍ സ്റ്റാഫും ഉണ്ടാവും. പക്ഷേ അവിടെ കുറച്ച് സൗകര്യങ്ങളും കുറച്ച് സ്റ്റാഫിനെയും കൂടി കൊടുത്താല്‍ പോസ്റ്റര്‍ ഒട്ടുന്നത് അങ്ങ് ഒഴിവാക്കാമായിരുന്നു’.

NB: സാമൂഹിക പ്രതിബദ്ധതയുടെ ക്ലാസ്സും കൊണ്ട് ആരും ഇങ്ങോട്ട് വരണ്ട.

shortlink

Related Articles

Post Your Comments

Related Articles


Back to top button