ഇസ്ലാമബാദ്: ഭീകരതയുടെ ഈറ്റില്ലമെന്ന് ഇന്ത്യ നിരന്തരം ആരോപിക്കുന്ന പാക്കിസ്ഥാന്റെ തെരുവുകളെ കലുഷിതമാക്കി നിരവധി പേരുടെ ജീവനെടുത്ത് രക്തരൂഷിതമായ പ്രക്ഷോഭം. ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ നിരവധി ഭീകരസംഘടനകള്‍ക്കു ചെല്ലും ചെലവും നല്‍കി പോറ്റിവളര്‍ത്തുന്ന പാക്കിസ്ഥാന് നിരോധിത സംഘടനയായ തെഹ്‌രീകെ ലബൈക് പാക്കിസ്ഥാന്‍ (ടിഎല്‍പി) ആണ് തലവേദനയായിരിക്കുന്നത്.
ടിഎല്‍പിയുടെ ആയിരക്കണക്കിന് അനുയായികള്‍ തലസ്ഥാന നഗരത്തിലേക്കു നടത്തുന്ന പ്രതിഷേധ റാലിയെ ഏതു വിധേന നേരിടണമെന്ന് തലപുകയ്ക്കുകയാണ് ഇമ്രാന്‍ ഭരണകൂടം. ഇതിനു പുറമെയാണ് ഐഎസ് ഭീഷണിയും. ഇസ്ലാമിനും ഖുറാനുമെതിരെ സംസാരിക്കുന്നവരെ വേട്ടയാടി കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി അഫ്ഗാനിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎസ്‌ഐഎസ് ഖൊറാസാൻ രംഗത്തെത്തി. ലോകമെമ്പാടും ശരിയത്ത് നിയമങ്ങൾ നടപ്പിലാക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.
മുസ്ലീം പ്രവാചകന്മാരുടെ ജീവിത രീതിയും അവരുടെ വസ്ത്രധാരണവുമാണ് എല്ലാവരും അനുകരിക്കേണ്ടതെന്നും ഭീകര സംഘടന വ്യക്തമാക്കി. ഭീകരാക്രമണങ്ങൾ രാജ്യത്തെ ഇല്ലാതാക്കിയിരിക്കുന്നു. ഇനി ലോകമെമ്പാടും ശരിയത്ത് നിയമങ്ങൾ നടപ്പിലാക്കുക എന്നതാണ് ലക്ഷ്യം.മത പ്രവാചകന്മാർ ജീവിച്ചത് പോലുള്ള ജീവിതം എല്ലാവരും നയിക്കണം. അവരുടെ വസ്ത്രധാരണയും ഹിജാബുമാണ് ജനങ്ങൾ അനുകരിക്കേണ്ടത്. അതിനായി ഇത്തരം നിയമങ്ങൾ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുമെന്നും ഐഎസ്‌ഐഎസ് വ്യക്തമാക്കി.
നിലവിൽ ആക്രമണം നടത്താൻ സാധിക്കില്ലെന്നും ഇനി പാകിസ്താനിലേക്ക് പോയി ആക്രമണം നടത്താനാണ് തീരുമാനമെന്നും ഐഎസ് വക്താവ് അറിയിച്ചു. അതേസമയം പാകിസ്താനിലെ പ്രക്ഷോഭകരുടെ പ്രധാന ആവശ്യം പ്രവാചക നിന്ദ ആരോപിച്ച്, ഫ്രഞ്ച് എംബസി അടച്ചുപൂട്ടണമെന്ന സംഘടനയുടെ ആവശ്യം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നു പാക് ഭരണകൂടവും പ്രസ്താവിച്ചു. തടവിലുള്ള ടിഎല്‍പി മേധാവി സാദ് റിസ്‌വിയെ മോചിപ്പിച്ചില്ലെങ്കില്‍ നഗരം സ്തംഭിപ്പിക്കുമെന്നാണു പ്രക്ഷോഭകരുടെ ഭീഷണി.
കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ലഹോറിനു സമീപം തമ്പടിച്ചിട്ടുള്ള പതിനായിരക്കണക്കിനു പ്രതിഷേധക്കാര്‍, പാക്കിസ്ഥാനിലെ ഏറ്റവും തിരക്കേറിയ ദേശീയപാതയായ ഗ്രാന്‍ഡ് ട്രങ്ക് റോഡിലൂടെയാണു ഇസ്‌ലാമാബാദ് ലക്ഷ്യമാക്കി നീങ്ങുന്നത്. ഒരാഴ്ചയ്ക്കിടെ സംഘര്‍ഷത്തില്‍ എട്ടു പൊലീസുകാര്‍ ഉള്‍പ്പെടെ 19 പേരാണു കൊല്ലപ്പെട്ടത്. നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റു. സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച വിജയിക്കാതെ വന്നതോടെയാണു റാലി തടയുമെന്ന നിലപാടിലേക്കു സര്‍ക്കാര്‍ എത്തിയത്. ഇസ്‌ലാമാബാദ് ആകെ സ്തംഭിപ്പിക്കുമെന്നാണ് ടിഎല്‍പി ഭീഷണി മുഴക്കുന്നത്.
Post Your Comments