കുന്നംകുളം: സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ വിവാഹവാഗ്ദാനം നൽകി ലോഡ്ജിലും വാടകവീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് ശിക്ഷ വിധിച്ച് പോക്സോ കോടതി. വിവാഹവാഗ്ദാനം നൽകി ക്ഷേത്രത്തിൽ വെച്ച് മാലയിട്ട് വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ ലോഡ്ജിലും വാടകവീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവിനും സഹായിയായ സ്ത്രീയ്ക്കുമാണ് കുന്നംകുളം പോക്സോ കോടതി ശിക്ഷ വിധിച്ചത്.
ചെറുപനക്കൽ ഷാജി (47), തൊഴിയൂർ ചെറുവത്തൂർ വീട്ടിൽ ആലീസ് (54) എന്നിവരെയാണ് ജഡ്ജ് എം.പി. ഷിബു ശിക്ഷിച്ചത്. ഒന്നാം പ്രതി ഷാജിക്ക് രണ്ട് വകുപ്പുകളിലായി 20 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപയും രണ്ടാം പ്രതി ആലീസിന് ആറ് വർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. 2006ലാണ് കേസിനാസ്പദമായ സംഭവം. ഓട്ടോ ഡ്രൈവറായിരുന്ന ഷാജി ടൗണിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്ന പെൺകുട്ടിയുമായി അടുപ്പത്തിലായി. വിവാഹവാഗ്ദാനം നൽകി. ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ കൊണ്ടുപോയി തുളസിമാലയിട്ട് വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് ലോഡ്ജിൽ വെച്ച് ബലാൽസംഗം ചെയ്യുകയുമായിരുന്നു.
വർഷങ്ങൾക്ക് ശേഷം 2009 ൽ പെൺകുട്ടിയെ വിവാഹം കഴിച്ച് ഭാര്യയാക്കി വീട്ടിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് രണ്ടാം പ്രതി ആലീസിന്റെ പുതുശേരിയിലെ വാടകവീട്ടിൽ കൊണ്ടുചെന്ന് വീണ്ടും പീഡിപ്പിക്കുകയായിരുന്നു. ഇത്തവണ വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കാമെന്നായിരുന്നു ഇയാൾ നൽകിയ വാഗ്ദാനം. എന്നാൽ, പീഡനത്തിനിടെ അമിതമായ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് പ്രതികൾ പെൺകുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് മുങ്ങുകയായിരുന്നു. ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിക്കുകയും തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Post Your Comments