തിരുവനന്തപുരം: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസലിന് ജാമ്യം ലഭിച്ച സുപ്രീം കോടതിവിധി സ്വാഗതം ചെയ്ത് വടകര എം.എല്‍.എ കെ.കെ. രമ. ചായ കുടിക്കാനല്ലാതെ ഈ കുട്ടികള്‍ എന്തിന് പോയതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ജനാധിപത്യ ബോധമുള്ള സകല മനുഷ്യര്‍ക്കും ഈ വിധി പകരുന്ന ആഹ്ലാദവും ശുഭാപ്തിവിശ്വാസവും ചെറുതല്ലെന്നും കെ.കെ രമ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഇവരുടെ പ്രതികരണം.
രാജ്യത്തെ ഉന്നത നീതിപീഠത്തില്‍ നിന്ന് ഇനി ഈ കേസില്‍ സ്വാഭാവിക നീതി കിട്ടുമെന്ന് പ്രതീക്ഷിക്കാമെന്നും പന്തീരാങ്കാവിലെ യുവാക്കളെ രണ്ടു വര്‍ഷമായി സമൂഹത്തില്‍ കൊടും കുറ്റവാളികളാക്കി നിര്‍ത്തിയ ആഭ്യന്തര വകുപ്പ് മാപ്പ് പറയണമെന്നും രമ ആവശ്യപ്പെട്ടു. അന്വേഷണ സംഘം കുറ്റം തെളിയിക്കുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി അലനെയും താഹയെയും കുറ്റവാളികളാക്കിയിരുന്നു. ഇവര്‍ ചായ കുടിക്കാന്‍ പോയതല്ലെന്ന പിണറായിയുടെ പ്രസ്താവന ഇതിന് തെളിവാണെന്നും അവർ പറഞ്ഞു.
കെ.കെ രമയുടെ ഫേസ്ബുക്ക് പോസ്റ്റ്:
മാവോയിസ്റ്റ് എന്ന് ആരോപിച്ച് സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ദിർദ്ദയനിയമം ചേർത്ത് എൻ.ഐ.എയ്ക്ക് കൈമാറിയ താഹ ഫസലിനും ഒടുവിൽ ജാമ്യം ലഭിച്ചിരിക്കുന്നു. നേരത്തെ അലന് ലഭിച്ച ജാമ്യം ശരിവെക്കുകയും ചെയ്തിരിക്കുകയാണ് സുപ്രീം കോടതി. ജനാധിപത്യ ബോധമുള്ള സകല മനുഷ്യർക്കും ഈ വിധി പകരുന്ന ആഹ്ലാദവും ശുഭാപ്തിവിശ്വാസവും ചെറുതല്ല. രാജ്യത്തെ ഉന്നത നീതിപീഠത്തിൽ നിന്ന് ഇനി ഈ കേസിൽ സ്വാഭാവിക നീതി കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
Also Read:പിന്തുണ നൽകിയവർക്ക് നന്ദി: ബിനീഷ് കോടിയേരിക്ക് ജാമ്യം കിട്ടിയതിൽ സന്തോഷമുണ്ടെന്ന് ബിനോയ് കോടിയേരി
ഈ കേസിന്റെ പ്രാരംഭഘട്ടം മുതൽ ഈ വിദ്യാർത്ഥികളെ മാവോയിസ്ററുകളെന്ന മുദ്രകുത്തുകയായിരുന്നു CPIM. കള്ളക്കടത്തുകൾ നടത്തുകയും ആയുധങ്ങളുമായി ആളുകളെ കൊല്ലുകയും ചെയ്യുന്നവരല്ല, പകരം അറിവുനേടുന്ന പുതു തലമുറയാണ് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനും അതിൻ്റെ തലവനായ മുഖ്യമന്ത്രിക്കും കുറ്റവാളികൾ. പന്തീരാങ്കാവിലെ യുവാക്കളെ രണ്ടു വർഷമായി സമൂഹത്തിൽ കൊടും കുറ്റവാളികളാക്കി നിർത്തിയ ആഭ്യന്തര വകുപ്പ് മാപ്പ് പറയണം.
അന്വേഷണ സംഘം കുറ്റം തെളിയിക്കുന്നതിന് മുൻപു തന്നെ മുഖ്യമന്ത്രി അലനെയും താഹയെയും കുറ്റവാളികളാക്കിയിരുന്നു. ഇവർ ചായ കുടിക്കാൻ പോയതല്ലെന്ന പിണറായിയുടെ പ്രസ്താവന ഇതിന് തെളിവാണ്. രണ്ടു വർഷമായിട്ടും ലഘുലേഖ കൈവശം വച്ചുവെന്ന ബാലിശമായ വാദം മാത്രമാണ് അന്വേഷണ സംഘത്തിന് ഇപ്പോഴും ലഭിച്ചിട്ടുള്ളു. അതിനപ്പുറം ഇവർ രാജ്യസുരക്ഷയ്ക്ക് എതിരായി പ്രവർത്തിച്ചതിൻ്റെ ഒരു തെളിവും ഇതുവരെ കിട്ടിയിട്ടില്ല. അതു തന്നെയാണ് സുപ്രീം കോടതിയുടെ ജാമ്യത്തിനും കാരണം. യാതൊരു തെളിവോ മാവോയിസ്റ്റ് പ്രവർത്തന മോ കണ്ടെത്താതെ രണ്ട് ചെറുപ്പക്കാരെ സമൂഹത്തിനു മുന്നിൽ കൊടും കുറ്റവാളികളാക്കി മുദ്രകുത്തി കേന്ദ്ര ഏജൻസിക്ക് കൈമാറിയ കേരള സർക്കാർ ഇരുവരുടെയും കുടുംബത്തോടും സമൂഹത്തോടും മാപ്പ് പറഞ്ഞേ മതിയാവു.
സി.പി.എം അരുംകൊല ചെയ്ത നിരവധി യുവാക്കളുടെ കുടുംബങ്ങൾ കേന്ദ്ര എജൻസികളുടെ അന്വേഷണമെന്ന ആവശ്യമുന്നയിച്ചിട്ടുണ്ട്. സർക്കാർ പണം ഉപയോഗിച്ച് അത്തരം ആവശ്യങ്ങളെ കോടതിയിൽ എതിർക്കുന്നവരാണ് വെറും ലഘുലേഖകൾ കൈവശം വച്ചുവെന്ന ആരോപണവുമായി രണ്ടു ചെറുപ്പക്കാരെ പിടികൂടി കേന്ദ്ര എജൻസിക്ക് കൈമാറിയതെന്നതാണ് വലിയ വിരോധാഭാസം. ഈ ഇരട്ടത്താപ്പിനേറ്റ തിരിച്ചടി കൂടിയാണ് ഈ കോടതി വിധി.
Post Your Comments