KeralaLatest NewsIndia

കേരളത്തിലും എയിംസ്: കേന്ദ്രസർക്കാർ ഇടപെടുന്നു, അംഗീകാരം നൽകാൻ നിർദ്ദേശം

ഇതിനായി വ്യവസായ വകുപ്പിന്റെ 200 ഏക്കര്‍ സ്ഥലം ലഭ്യമാക്കുമെന്നു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര ആശുപത്രിയും വൈദ്യശാസ്ത്ര പഠന, ഗവേഷണ കേന്ദ്രവുമായ എയിംസ് ഇനി കേരളത്തിലും. കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 19 ഇടത്ത് എയിംസ് പ്രവർത്തിക്കുന്നുണ്ട്. പുതുതായി 22 എയിംസ് ആശുപത്രികള്‍ കൂടി സ്ഥാപിക്കാനുള്ള ശുപാര്‍ശ പരിഗണനയിലാണ്.

ഘട്ടംഘട്ടമായി എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതേസമയം കേരളത്തില്‍ എയിംസ് എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. യുപിഎ സർക്കാരിന്റെ കാലത്തുമുതൽ എയിംസിനായി മുറവിളി കൂട്ടുന്നുണ്ടെങ്കിലും ഇതുവരെ യാഥാർഥ്യമായില്ല. കേരളത്തില്‍ എയിംസ് അനുവദിച്ചാല്‍ സ്ഥാപിക്കുക കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ ആയിരിക്കും. ഇതിനായി വ്യവസായ വകുപ്പിന്റെ 200 ഏക്കര്‍ സ്ഥലം ലഭ്യമാക്കുമെന്നു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

സ്ഥലം തയാറാണെന്ന് അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ കേന്ദ്രത്തിനു കത്തയച്ചിട്ടുണ്ട്. എന്നാൽ സ്ഥലം തയ്യാറാകുന്നതിനെ ചൊല്ലി തർക്കമുണ്ടായതിനാൽ ഇതുവരെ ഇത് നടന്നില്ല. എയിംസ് അനുവദിക്കണമെന്ന് ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചര്‍ച്ചയിലും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് കിനാലൂരില്‍ സ്ഥലം ലഭ്യമാക്കാമെന്നും അറിയിച്ചു. ജൂലൈ 18ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.തോമസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം കിനാലൂര്‍ സന്ദര്‍ശിച്ചു.

ഓഗസ്റ്റ് 14 ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയതിലകിന്റെ നേതൃത്വത്തിലും 17ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെയുടെ നേതൃത്വത്തിലും ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തി. ഇതിനു പിന്നാലെയാണ് കേന്ദ്രസർക്കാർ ധനകാര്യ വകുപ്പിന് നിർദ്ദേശം നൽകിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button