
തിരുവനന്തപുരം: മഴ കുറയുന്ന സാഹചര്യത്തില്‍ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. വെള്ളപ്പൊക്കം മാറി ആളുകള്‍ വീടുകളിലേക്ക് തിരിച്ചുപോകുമ്പോള്‍ പാമ്പുകടി, വൈദ്യുതാഘാതം, വിവിധ രോഗങ്ങള്‍ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വീട്ടിലേയ്ക്ക് മടങ്ങുന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി.
Read Also : ചെമ്പഴന്തിയില്‍ വാഹനാപകടം: പച്ചക്കറി കടയിലേക്ക് കാര്‍ ഇടിച്ച് കയറി കടയുടമയ്ക്ക് ദാരുണാന്ത്യം
വെള്ളമിറങ്ങുന്ന സമയത്ത് പാമ്പുകടിയേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. പാമ്പുകടിയേറ്റാല്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വിഷം വ്യാപിക്കുന്നത് തടയാന്‍ പ്രഥമ ശുശ്രൂഷ നല്‍കി എത്രയും വേഗം തൊട്ടടുത്തുള്ള ആശുപത്രിയില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുക. കൂടാതെ വെള്ളമിറങ്ങുന്ന സമയത്ത് വീട് ശുചീകരിക്കാന്‍ പോകുന്നവര്‍ വൈദ്യുതാഘാതമേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വൈദ്യുതിയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയിട്ട് മാത്രം അറ്റകുറ്റ പണികള്‍ ചെയ്യുക. വൈദ്യുതാഘാതമേറ്റെന്ന് തോന്നിയാല്‍ സുരക്ഷിതമായി വ്യക്തിയും വൈദ്യുതിയുമായുള്ള ബന്ധം വേര്‍പ്പെടുത്തുക. രോഗിക്ക് എത്രയും വേഗം വൈദ്യ സഹായം ഉറപ്പാക്കുക.
വയറിളക്കം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം മുതലായവ ജലജന്യ രോഗങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. പാത്രങ്ങളും പച്ചക്കറികളും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിച്ച് കഴുകുക. മലിന ജലവുമായി സമ്പര്‍ക്കമുള്ളവരും സന്നദ്ധ പ്രവര്‍ത്തകരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്.
ഡെങ്കിപ്പനി, മലമ്പനി, ചിക്കന്‍ ഗുനിയ, വെസ്റ്റ് നൈല്‍ മുതലായ കൊതുജന്യ രോഗങ്ങളില്‍ നിന്നും രക്ഷനേടുവാന്‍ വീടും പരിസരവും വൃത്തിയാക്കി കൊതുക് വിമുക്താക്കണം. ചിക്കന്‍പോക്‌സ്, എച്ച്1 എന്‍ 1, വൈറല്‍ പനി തുടങ്ങിയ വായുജന്യ രോഗങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. മാനസികാരോഗ്യ പ്രശ്‌നങ്ങളും ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യപരമായ സംശയങ്ങള്‍ക്കും സേവനങ്ങള്‍ക്കും ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.
Post Your Comments